വാക്സിനേഷൻ 2 കോടി പിന്നിട്ട് കേരളം,സെപ്റ്റംബറിൽ പരമാവധി വാക്സിനേഷനെന്ന് മന്ത്രി

0
69

 

കോവിഡ് പ്രതിരോധ വാക്സിനേഷനിൽ 2 കോടി പിന്നിട്ട് കേരളം. കേരളത്തിലെ രണ്ട കോടിയിലധികം ജനങ്ങൾക്ക് പ്രതിരോധ വാക്സിൻ നല്കികഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് വ്യക്തമാക്കി. ഇനിയും വാക്സിൻ ലഭിക്കേണ്ടവർക്ക് സെപ്റ്റംബർ മാസത്തോടെ പരമാവധി വാക്സിനേഷൻ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

സംസ്ഥാനത്തെ 2 കോടിയിലധികം ജനങ്ങൾക്ക് (2,00,04,196) ആദ്യ ഡോസ് വാക്‌സിൻ നൽകി. കോവിഡിനെതിരായി സംസ്ഥാനം വലിയ പോരാട്ടം നടത്തുമ്പോൾ ഇത് ഏറെ ആശ്വാസകരമാണ്. പരമാവധി പേർക്ക് ഒരു ഡോസെങ്കിലും വാക്‌സിൻ നൽകി സുരക്ഷിതമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സെപ്റ്റംബർ മാസത്തിൽ തന്നെ ഈ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഓണാവധി പോലും കാര്യമാക്കാതെ ലക്ഷ്യം പൂർത്തീകരിച്ച എല്ലാവരേയും അഭിനന്ദിക്കുന്നു.
വാക്‌സിനേഷൻ യജ്ഞത്തിലൂടെ വാക്‌സിനേഷൻ ശക്തിപ്പെടുത്താനായിട്ടുണ്ട്. സംസ്ഥാനത്ത് ആഗസ്റ്റ് 9 മുതലാണ് വാക്‌സിനേഷൻ യജ്ഞം ആരംഭിച്ചത്. ഇതുവരെ 54,07,847 ഡോസ് വാക്‌സിനാണ് വാക്‌സിനേഷൻ യജ്ഞത്തിലൂടെ നൽകാൻ സാധിച്ചത്. രണ്ട് തവണ 5 ലക്ഷത്തിലധികം പേർക്കും മൂന്ന് തവണ 4 ലക്ഷത്തിലധികം പേർക്കും വാക്‌സിൻ നൽകാനായി.
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,72,54,255 പേർക്കാണ് വാക്‌സിൻ നൽകിയത്. അതിൽ 2,00,04,196 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 72,50,059 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. 56.51 ശതമാനം പേർക്ക് ഒന്നാം ഡോസും 20.48 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 69.70 ശതമാനം പേർക്ക് ഒന്നാം ഡോസും 25.26 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.
സ്തീകളാണ് വാക്‌സിൻ സ്വീകരിച്ചവരിൽ മുന്നിലുള്ളത്. ഒന്നും രണ്ടും ഡോസ് ചേർത്ത് 1,41,75,570 ഡോസ് സ്ത്രീകൾക്കും, 1,30,72,847 ഡോസ് പുരുഷൻമാർക്കുമാണ് നൽകിയത്. 18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ളവർക്ക് 93,89,283 ഡോസും, 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ളവർക്ക് 89,98,496 ഡോസും, 60 വയസിന് മുകളിലുള്ളവർക്ക് 88,66,476 ഡോസുമാണ് നൽകിയിട്ടുള്ളത്.
സംസ്ഥാനത്തെ വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 2,47,451 പേർക്കാണ് വാക്‌സിൻ നൽകിയത്. 1,158 സർക്കാർ കേന്ദ്രങ്ങളും 378 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1,536 വാക്‌സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.
സംസ്ഥാനത്തിന് 6,55,070 ഡോസ് വാക്‌സിൻ കൂടി ലഭ്യമായി. 4,65,000 ഡോസ് കോവിഷീൽഡ് വാക്‌സിനും 1,90,070 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,57,500, എറണാകുളം 1,83,000, കോഴിക്കോട് 1,24,500 എന്നിങ്ങനെ ഡോസ് കോവിഷീൽഡ് വാക്‌സിനും തിരുവനന്തപുരം 30,500, എറണാകുളം 35,450, കോഴിക്കോട് 1,24,120 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണെത്തിയത്.