കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് 3.2 കോടി രൂപ ധനസഹായം അനുവദിച്ചു

0
108

കോവിഡ് മഹാമാരി മൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ധനസഹായം അനുവദിക്കുന്നതിനായി 3,19,99,000 രൂപ അനുവദിച്ചതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് അനുവദിക്കുന്നത്. ഇതിനാവശ്യമായ തുകയാണ് അനുവദിച്ചത്. കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വഹിക്കുന്നതാണ്. നിലവിൽ ആനുകൂല്യത്തിനർഹരായ 87 കുട്ടികളാണുള്ളത്. ഐ.സി.ഡി.എസ്. ജീവനക്കാർ മുഖേന ഗൃഹസന്ദർശനം നടത്തി കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച ശേഷം ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകൾ ഓരോ കുട്ടിയുടേയും സ്ഥിതി വിലയിരുത്തുകയും ശിശു സംരക്ഷണ സമിതിക്ക് റിപ്പോർട്ട് നൽകുകയും ഈ കുട്ടികളുടെ ക്ഷേമത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇതുകൂടാതെ ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് മൂലം മാതാവും പിതാവും നഷ്ടപ്പെട്ട കുട്ടികൾ, കോവിഡ് നെഗറ്റീവ് ആയി മാറിക്കഴിഞ്ഞ് മൂന്നു മാസത്തിനകം കോവിഡ് അനുബന്ധ ശാരീരിക പ്രശ്‌നങ്ങളാൽ മരണപ്പെട്ട മാതാപിതാക്കളുടെ കുട്ടികൾ, പിതാവോ മാതാവോ മുൻപ് മരണപ്പെട്ടതും കോവിഡ് മൂലം നിലവിലുള്ള ഏക രക്ഷിതാവ് മരണപ്പെടുകയും ചെയ്ത കുട്ടികൾ, മാതാവോ പിതാവോ നേരെത്തെ ഉപേക്ഷിച്ച് ഇപ്പോൾ ഏക രക്ഷിതാവ് കോവിഡ് മൂലം മരിക്കുകയും ചെയ്ത കുട്ടികൾ, മാതാപിതാക്കൾ മരണപ്പെടുകയോ ഉപേക്ഷിക്കുകയോ ചെയ്ത് ബന്ധുക്കളുടെ സംരക്ഷണയിൽ കഴിയുകയും നിലവിൽ സംരക്ഷിക്കുന്ന രക്ഷിതാക്കൾ കോവിഡ് മൂലം മരണപ്പെടുകയും ചെയ്ത കുട്ടികൾ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന കുട്ടികളെ കുടുംബത്തിന്റെ വരുമാന പരിധിയോ മറ്റ് മാനദണ്ഡങ്ങളോ പരിഗണിക്കാതെ സഹായം നൽകുന്നതാണ്.

സർക്കാർ ജീവനക്കാർക്കുള്ള ഫാമിലി പെൻഷൻ ലഭിക്കുന്ന കുടുംബങ്ങളെ ധനസഹായത്തിന് പരിഗണിക്കുന്നതല്ല. നിലവിൽ കുട്ടിയെ സംരക്ഷിക്കുന്ന രക്ഷിതാക്കൾക്ക് ഈ സ്‌കീം പ്രകാരമുള്ള ധനസഹായം ആവശ്യമില്ലെന്ന് രേഖാമൂലം അറിയിക്കുന്ന സാഹചര്യത്തിലും പരിഗണിക്കില്ല. എന്നാൽ കുട്ടിക്ക് 18 വയസാകുന്നതിന് മുമ്പ് രക്ഷിതാക്കൾക്ക് ഈ സ്‌കീമിൽ തിരികെ ചേരാവുന്നതും ബാക്കി കാലയളവിലുള്ള സഹായം സ്വീകരിക്കാവുന്നതുമാണ്.

സർക്കാർ സഹായത്തിന് അർഹരായ കുട്ടികൾക്ക് 18 വയസിന് ശേഷം പിൻവലിക്കാവുന്ന തരത്തിലും എന്നാൽ പലിശ കുട്ടിക്ക് ആവശ്യമുള്ള സമയത്ത് പിൻവലിച്ച് ഉപയോഗിക്കാവുന്ന തരത്തിലുമാണ് ഒറ്റത്തവണ സഹായം എന്ന നിലയിൽ മൂന്നു ലക്ഷം രൂപ ധനസഹായം നൽകുന്നത്. സർക്കാർ സഹായത്തിന് അർഹരായ കുട്ടികൾക്ക് പ്രതിമാസം 2000 രൂപ വീതം 18 വയസ് പൂർത്തിയാക്കുന്നത് വരെ കുട്ടിയുടെയും നിലവിലെ രക്ഷിതാവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അനുവദിക്കുന്നതാണ്.

ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് കുട്ടികളുടെ അപേക്ഷയിന്മേൽ ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ അതാതു സമയങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വനിതാ ശിശു വികസന വകുപ്പ് മുഖേന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരിട്ട് തുക അനുവദിക്കുന്നതാണ്.

വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി ചെയർപേഴ്‌സണായും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ, കൺവീനറായും ആരോഗ്യവകുപ്പ് ഡയറക്ടർ/ അഡീഷണൽ ഡയറക്ടറിൽ കുറയാത്ത പ്രതിനിധി എന്നിവർ അംഗങ്ങളുമായ ഒരു സ്‌കീം മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ ശിശു സംരക്ഷണ ഓഫീസർ മുഖാന്തിരം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ എന്തെങ്കിലും സംശയം ഉണ്ടാകുന്ന പക്ഷം പ്രസ്തുത കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊള്ളുന്നതാണ്.