ഇന്ത്യക്കെതിരെയുള്ള ടെസ്റ്റിന് 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

0
51

ഇന്ത്യക്കെതിരെ ശനിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു.12 അംഗ ടീമിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടോസ് സമയത്ത് അന്തിമ ഇലവന്‍ നായകന്‍ ജോ റൂട്ട് പ്രഖ്യാപിക്കും. പിച്ചിന്റെ സ്വഭാവമനുസരിച്ചായിരിക്കും തീരുമാനം. ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഫാസ്റ്റ് ബൗളര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ സ്പിന്നര്‍ ഡൊമിനിക് ബെസ് എന്നിവര്‍ക്ക് ടീമില്‍ ഇടമില്ല. പരിക്കേറ്റ ജോഫ്ര ആര്‍ച്ചര്‍ക്കും കളിക്കാനാവില്ല. വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്ലറേയും ഒഴിവാക്കി.

ഒലി സ്റ്റോണ്‍, സ്റ്റുവര്‍ട്ട് ബോര്‍ഡ്, ക്രിസ് വോക്‌സ് എന്നിവരാണ് ഫാസ്റ്റ് ബൗളര്‍മാര്‍. സ്പിന്നറായി മുഈന്‍ അലിയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ ടെസ്റ്റിലേത് പോലെ രണ്ട് ഫാസ്റ്റ് ബൗളര്‍മാരെയാണ് കളിപ്പിക്കാനുദ്ദേശിക്കുന്നതെങ്കില്‍ സ്റ്റുവര്‍ട്ട് ബോര്‍ഡിനൊപ്പം ഒലി സ്റ്റോണിനാവും സാധ്യത. നെറ്റ്‌സില്‍ കഠിന പരിശീലനത്തിലാണ് താരം. അദ്ദേഹത്തിനാണ് സാധ്യതയെന്ന തരത്തില്‍ നായകന്‍ റൂട്ടിന്റെ പ്രസ്താവനയും പുറത്തുവന്നിരുന്നു. സ്പിന്നര്‍ മുഈന്‍ അലിയുടെ വരവാണ് മറ്റൊരു ശ്രദ്ധേയ നീക്കം. കോവിഡ് പോസിറ്റീവ് ആയ കാരണത്താല്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പര അലിക്ക് നഷ്ടമായിരുന്നു. പകരക്കാരനായാണ് ഡോം ബെസിനെ ഉള്‍പ്പെടുത്തിയത്.

രണ്ട് ഇന്നിങ്‌സിലുമായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബെസ്, മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ജയിംസ് ആന്‍ഡേഴ്‌സണ് വിശ്രമം അനുവദിക്കുകയാണെന്നാണ് റൂട്ട് വ്യക്തമാക്കുന്നത്. നിര്‍ണായകമായേക്കാവുന്ന അവസാന രണ്ട് ടെസ്റ്റുകളില്‍ ആന്‍ഡേഴ്‌സനെ കളിപ്പിക്കാനാണ് റൂട്ടിന്റെ തീരുമാനം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബെന്‍ഫോക്കിനെയാണ് രണ്ടാം ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജോസ് ബട്ട്‌ലര്‍ക്ക് പകരക്കാരനായാണ് ബെന്‍ഫോക്ക് എത്തുന്നത്. ബട്ട്‌ലര്‍ക്ക് ആദ്യ ടെസ്റ്റില്‍ കാര്യമായ സംഭാവന ചെയ്യാനായിരുന്നില്ല. ആദ്യ ടെസ്റ്റില്‍ 227 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.