അഫ്ഗാനിസ്താനിലെ ബല്‍ഖ് പ്രവിശ്യയില്‍ താലിബാന്‍ അംഗങ്ങള്‍ സ്ത്രീയെ വെടിവെച്ചു കൊന്നു. ഇറുങ്ങിയ വസ്ത്രം ധരിച്ചതിനും പുരുഷ രക്ഷാധികാരിയില്ലാതെ പുറത്തിറങ്ങിയതിനുമാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. താലിബാന്റെ നിയന്ത്രണത്തിലുള്ള സമര്‍ ഖന്ത് എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. 21 കാരിയായ നസനിന്‍ ആണ് കൊല്ലപ്പെട്ടത്.
ഇവര്‍ വീട്ടില്‍ നിന്നിറങ്ങി വാഹനത്തില്‍ കയറാന്‍ നോക്കുമ്പോഴാണ് ആക്രമണം നടന്നത്. ആക്രമണം നടക്കുമ്പോള്‍ ഇവര്‍ മുഖവും ശരീരവും മറയ്ക്കുന്ന രീതിയില്‍ ബുര്‍ഖ ധരിച്ചിരുന്നു.
അഫ്ഗാനിസ്താനില്‍ നിന്നും നാറ്റോ സൈന്യം പിന്‍വാങ്ങിയതിനു പിന്നാലെ രാജ്യത്തെ വിവിധ പ്രദേശങ്ങള്‍ താലിബാന്‍ കീഴടക്കുകയാണ്. അഫ്ഗാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വന്‍ സുരക്ഷാ ഭീഷണിയാണ് രാജ്യത്തെ ജനങ്ങള്‍ നേരിടുന്നത്. ഗ്രാമങ്ങളില്‍ കൈക്കലാക്കിയ ശേഷം ഇപ്പോള്‍ നഗരങ്ങളിലേക്കും താലിബാന്‍ നീങ്ങുകയാണ്. ഏറ്റവുമൊടുവിലായി 4 പ്രവിശ്യകളുടെ തലസ്ഥാനം താലിബാന്‍ പിടിച്ചെടുത്തു.