കൊടകരകൊടകരയ്‌ക്കുശേഷവും 3 കോടി ഇറക്കി ബി ജെ പി ; 1.4 കോടി പത്തനംതിട്ടയിലും 1.5 കോടി തൃശൂരിലും

0
263

കൊടകരയിൽ കവർച്ച നടന്ന അന്നുതന്നെ ബിജെപി നേതൃത്വത്തിന്റെ നിർദേശപ്രകാരം വീണ്ടും കുഴൽപ്പണമെത്തിച്ചുവെന്ന്‌ അന്വേഷകസംഘം കണ്ടെത്തി. ഏപ്രിൽ മൂന്നിനും നാലിനുമായി മൂന്നുകോടിയോളം രൂപയാണ്‌ കൊണ്ടുവന്നത്‌. ഇതിൽ 1.4 കോടി പത്തനംതിട്ടയിലും 1.5 കോടി തൃശൂരിലും ഇറക്കി.

തെരഞ്ഞെടുപ്പ്‌ കൊട്ടിക്കലാശ ദിവസമായ ഏപ്രിൽ നാലിനാണ്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ മത്സരിച്ച പത്തനംതിട്ടയിൽ പണമെത്തിച്ചത്‌. ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതിയിൽ അന്വേഷകസംഘം സമർപ്പിച്ച അധിക റിപ്പോർട്ടിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌. കവർച്ച ചെയ്യപ്പെട്ട പണവും ഇവിടേക്ക്‌ ഉള്ളതായിരുന്നെന്നാണ്‌ സൂചന. ഇതോടെ പണമിറക്കിയത്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനാണെന്ന സംശയവും ബലപ്പെട്ടു.

‘വീട്ടിലുള്ള പണമെല്ലാം കൊടുത്തയക്കൂ’ കൊടകരയിൽ കവർന്ന 3.5 കോടി ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയ്‌ക്ക്‌ കൈമാറാനായിരുന്നു നിർദേശം. കർത്ത വഴി പത്തനംതിട്ടയിലേക്ക്‌ എത്തിക്കാനായിരുന്നു നീക്കം. എന്നാൽ, കവർച്ച ചെയ്യപ്പെട്ടതോടെ ‘വീട്ടിലുള്ള പണമെല്ലാം കൊടുത്തയക്കൂ’ എന്ന്‌ ഏജന്റ്‌ ധർമരാജനോട്‌ ബിജെപി സംസ്ഥാന ഓഫീസ്‌ സെക്രട്ടറി ഗിരീശൻനായർ നിർദേശിച്ചു. തുടർന്നാണ്‌ 1.4 കോടി പത്തനംതിട്ടയിൽ എത്തിച്ച്‌ ബിജെപി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം എസ്‌ അനിൽകുമാറിന്‌ കൈമാറിയത്‌. 1.5 കോടി രൂപ തൃശൂർ ജില്ലാ ട്രഷറർ സുജയസേനനും എത്തിച്ചു. സുജയസേനന്റെ സുഹൃത്ത്‌ കോഴിക്കോട്ട്‌ എത്തിയാണ്‌ പണം വാങ്ങിയത്‌.

നിയമസഭാ തെരഞ്ഞെടുപ്പിൽ 41.4 കോടിയാണ്‌ ബിജെപി കുഴൽപ്പണം ഇറക്കിയത്‌. കെ സുരേന്ദ്രന്റെ അറിവോടെയാണ്‌ ഇതെന്നാണ്‌ ധർമരാജന്റെ മൊഴി. ഇയാളുടെ കോൾ ലിസ്റ്റ്‌ പ്രകാരം പണമിടപാട്‌ സമയങ്ങളിലും സ്ഥലങ്ങളിലും ബിജെപി നേതാക്കളുടെ സാന്നിധ്യം വ്യക്തമാണ്‌.