അവിവാഹിതരായ പുരുഷൻമാർക്ക് പെൻഷൻ വേണം : സർക്കാരിനോട് കോർപറേഷൻ

0
111

സംസ്ഥാനത്ത് സർക്കാരിന്റെ ക്ഷേമപെൻഷനുകൾ ഒട്ടേറെയുണ്ട്. ഗുണഭോക്താക്കളായി ഒട്ടേറെ പേരും. അവിവാഹിതകൾക്കും സർക്കാർ പെൻഷൻ നൽകുന്നുണ്ട്. എന്നാൽ അവിവാഹിതരായ പുരുഷൻമാരുടേയും വിഭാര്യരുടേയും ക്ഷേമകാര്യം ആരും കാണാറില്ല, പരിഗണിക്കാറില്ല. അവിവാഹിതരായ പുരുഷൻമാർക്കും വിഭാര്യർക്കും പെൻഷൻ ഏർപ്പെടുത്തേണ്ട ആവശ്യം സംസ്ഥാന സർക്കാരിനു മുന്നിൽ വയ്ക്കാൻ തയാറെടുക്കുകയാണ് കോർപറേഷൻ.

ഇത് സംബന്ധിച്ച പ്രമേയം ഇന്ന് നടക്കുന്ന കോർപറേഷൻ കൗൺസിൽ യോഗം പരിഗണിച്ചേക്കും. രാവിലെ 11നു ഓൺലൈൻ ഗൂഗിൾ മീറ്റ് വഴിയുള്ള കൗൺസിലിന്റെ ആദ്യ അജൻഡ തന്നെ ഈ വിഷയമാണ്.

നിലവിൽ വിധവകൾക്കും 50 വയസ്സിനു മുകളിൽ പ്രായമുള്ള അവിവാഹിതകൾക്കും സർക്കാർ ക്ഷേമ പെൻഷൻ ലഭിക്കുന്നുണ്ട്. എന്നാൽ സമൂഹത്തിൽ ആശ്രയമില്ലാതെ ഒറ്റപ്പെട്ടു പോകുന്ന വിഭാഗമായ അവിവാഹിതരായ പുരുഷൻമാർക്ക് പെൻഷൻ അനുവദിക്കപ്പെട്ടിട്ടില്ല എന്നത് ലിംഗസമത്വമെന്ന ലക്ഷ്യത്തിന് എതിരാണെന്നാണു കോർപറേഷൻ നിലപാട്.

 

ഈ സാഹചര്യത്തിൽ അവിവാഹിതരായ സ്ത്രീകൾക്കുള്ളതിന് തുല്യമായ പെൻഷൻ അവിവാഹിതരായ പുരുഷൻമാർക്കും വിഭാര്യർക്കും അനുവദിക്കാൻ നടപടിയുണ്ടാകണമെന്നു സർക്കാരിനോട് കൗൺസിൽ യോഗം ആവശ്യപ്പെടും.