600 കോടി തട്ടിയ ബിജെപി പ്രവർത്തകർ അറസ്​റ്റില്‍, പിടിയിലായത് ഹെലികോപ്റ്റർ സഹോദരങ്ങൾ

0
146

600 കോടി രൂപയുടെ തട്ടിപ്പ്​ കേസില്‍ ‘ഹെലികോപ്​റ്റര്‍ സഹോദരന്‍മാര്‍’ എന്നറിയപ്പെടുന്ന ​ബിജെപി പ്രവർത്തകർ അറസ്​റ്റില്‍. തഞ്ചാവൂര്‍ കുംഭകോണം ശ്രീനഗര്‍ കോളനിയില്‍ താമസിച്ചിരുന്ന എം ആര്‍ ഗണേഷ്, സഹോദരൻ എം ആര്‍ സ്വാമിനാഥന്‍ എന്നിവരാണ്​ പിടിയിലായത്​. പണമിരട്ടിപ്പ്​ വാഗ്​ദാനത്തിലൂടെയാണ്​ ജനങ്ങളെ കബളിപ്പിച്ചത്​. ഒളിവിലായിരുന്ന ഇവരെ പുതുക്കോട്ടയില്‍ നിന്നാണ്​ കസ്​റ്റഡിയിലെടുത്തത്​.

ബിജെപി നിയന്ത്രിക്കുന്ന വ്യാപാരി സംഘടന വിഭാഗം ഭാരവാഹികളാണിവര്‍. കോടികൾ തട്ടിയെടുത്തശേഷം ആളുകളെ വഞ്ചിച്ച ഇരുവരും പൊലീസിൽ പരാതി വന്നതോടെയാണ് മുങ്ങിയത്. 15 കോടി രൂപ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട ദുബൈയിലെ വ്യാപാരികളായ ജാഫറുല്ല- ഫൈറോസ്​ബാനു ദമ്പതികളാണ് ആദ്യം പരാതി നൽകിയത്. പരാതിയില്‍ തഞ്ചാവൂര്‍ ജില്ലാ ക്രൈംബ്രാഞ്ച്​ കേസെടുത്തതോടെയാണ്​ ഇവര്‍ മുങ്ങിയത്​.

പിന്നീട്​ നിരവധി നിക്ഷേപകരും പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന്​ പ്രതികളുടെ വസതികളിലും ധനകാര്യ സ്​ഥാപനത്തിലും റെയ്​ഡ്​ നടന്നു. 12 ആഡംബര കാറുകളും പണമിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകളും പിടിച്ചെടുത്തു. കേസിൽ ഫി​നാ​ന്‍​സ്​ മാ​നേ​ജ​രാ​യ ശ്രീ​കാ​ന്തും ഗണേഷിന്‍റെ ഭാര്യയും ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.

തിരുവാരൂര്‍ സ്വദേശികളായ ഗണേഷും സ്വാമിനാഥനും ആറുവര്‍ഷം മുന്‍പാണ്​ കുംഭകോണത്ത് സ്ഥിരതാമസമാക്കിയത്​. ഡയറി ഫാം സ്​ഥാപിച്ച്‌​ പാല്‍ വ്യാപാരമാരംഭിച്ചു. പിന്നീട്​ ‘വിക്ടറി ഫിനാന്‍സ്’ എന്ന പേരില്‍ ധനകാര്യ സ്ഥാപനവും തുടങ്ങി. 2019 ല്‍ ‘അര്‍ജുന്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരില്‍ വ്യോമയാനകമ്പനി രജിസ്റ്റർ ചെയ്തു. സജീവ ബിജെപി പ്രവർത്തകരാണ് ഇരുവരും. തഞ്ചാവൂര്‍ നോര്‍ത്ത് ജില്ലാ ബിജെപി വ്യാപാരി വിഭാഗം പ്രസിഡന്റാണ് എം ആര്‍ ഗണേഷ്​. ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കളുമായി ഇവർക്ക് ഉറ്റ ബന്ധമുണ്ട്. ഈ ബന്ധം ഉപയോഗിച്ചാണ് ആളുകളിൽ നിന്നും നിക്ഷേപം സ്വീകരിച്ചത്.