ജനന രജിസ്‌ട്രേഷനുകളിൽ പേര് ചേർക്കാൻ സമയപരിധി നീട്ടി

0
47

 

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും 15 വർഷം കഴിഞ്ഞ എല്ലാ ജനന രജിസ്‌ട്രേഷനുകളിലും ജനിച്ചയാളുടെ പേര് ചേർക്കുന്നതിനുള്ള സമയപരിധി അഞ്ചുവർഷം കൂടി ദീർഘിപ്പിച്ചു. ഇതിനായി ചട്ടങ്ങൾ ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചു.

1999 ലെ കേരള ജനന-മരണ രജിസ്‌ട്രേഷൻ ചട്ടങ്ങളിലെ വ്യവസ്ഥയാണ് ഭേദഗതി ചെയ്തത്. കുട്ടിയുടെ പേര് രേഖപ്പെടുത്താതെ നടത്തുന്ന ജനന രജിസ്‌ട്രേഷനുകളിൽ ഒരു വർഷത്തിനകം പേര് ചേർക്കണമെന്നും അതിന് ശേഷം അഞ്ചുരൂപ ലേറ്റ് ഫീസ് ഒടുക്കി പേര് ചേർക്കാമെന്നുമാണ് വ്യവസ്ഥ ചെയ്തിരുന്നത്.

കേന്ദ്രസർക്കാർ നിർദേശപ്രകാരം 2015 ൽ ഇങ്ങനെ പേര് ചേർക്കുന്നതിനുള്ള സമയപരിധി രജിസ്‌ട്രേഷൻ തീയതി മുതൽ 15 വർഷം വരെയാക്കി നിജപ്പെടുത്തി. പഴയ രജിസ്‌ട്രേഷനുകളിൽ പേര് ചേർക്കുന്നതിന് 2015 മുതൽ അഞ്ചുവർഷം അനുവദിച്ചിരുന്നു.

ആ സമയപരിധി 2020 ൽ അവസാനിച്ചിരുന്നു. പിന്നീട് ഒരു വർഷം കൂടി നീട്ടി. ആ സമയപരിധിയും അവസാനിച്ചതിനെ തുടർന്നാണ് കേന്ദ്രസർക്കാർ അനുമതിയോടെ ചട്ടങ്ങൾ ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. ഇതനുസരിച്ച് മുൻകാല ജനന രജിസ്‌ട്രേഷനുകളിൽ 2026 ജൂലൈ 14 വരെ പേര് ചേർക്കാനാകും.