Thursday
18 December 2025
22.8 C
Kerala
HomeKeralaഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുക സർക്കാരിന്റെ പ്രഖ്യാപിത നയം: മുഖ്യമന്ത്രി

ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുക സർക്കാരിന്റെ പ്രഖ്യാപിത നയം: മുഖ്യമന്ത്രി

 

ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുകയാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി ആരംഭിക്കുന്ന സഹജീവനം സഹായ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിക്കാർക്ക് മാനസിക പിന്തുണ ഉറപ്പാക്കൽ പ്രധാനമാണ്. ഇതിനായി കാര്യമായ ഇടപെടൽ ഉണ്ടാവണം. ഇത് മുന്നിൽ കണ്ടാണ് തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ എന്ന സന്ദേശം ഉയർത്തി സഹജീവനം ഭിന്നശേഷി സഹായ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ഈ പദ്ധതി കോവിഡ് കാലത്ത് മാത്രമായി ഒതുക്കി നിർത്താതെ സർക്കാരിന്റെ സ്ഥിരം സംവിധാനമാക്കുന്നത് ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യനീതി, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, വനിത ശിശുവികസനം തുടങ്ങിയ വകുപ്പുകൾ സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ഓരോ തദ്ദേശസ്ഥാപനങ്ങളിലും കുറഞ്ഞത് മൂന്നു വോളണ്ടിയർമാരെ സജ്ജരാക്കും. 3000 ത്തോളം വോളണ്ടിയർമാർക്ക് ഇതിനായി പരിശീലനം നൽകിയിട്ടുണ്ട്. വോളണ്ടിയർമാർ ഭിന്നശേഷിക്കാരെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയും അവർക്ക് സാന്ത്വനം പകരുകയും ചെയ്യും. പ്രത്യേക ശ്രദ്ധവേണ്ട കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കാൻ എല്ലാ ബ്‌ളോക്കിലും ഭിന്നശേഷി സഹായ കേന്ദ്രം പ്രവർത്തിക്കും. ഒരു വോളണ്ടിയർ കുറഞ്ഞത് അഞ്ച് ഭിന്നശേഷിക്കാരെയെങ്കിലും വിളിച്ച് കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

പഞ്ചായത്തുതലത്തിൽ രണ്ടായിരം വോളണ്ടിയർമാർ ഇത്തരത്തിൽ വിളിക്കുമ്പോൾ 10,000 കുടുംബങ്ങളെ ബന്ധപ്പെടാൻ കഴിയും. വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രശിക്ഷാ അഭിയാൻ, കുടുംബശ്രീ ബഡ്‌സ് സ്‌കൂളുകൾ, സന്നദ്ധ സംഘങ്ങളുടെ സ്‌പെഷ്യൽ സ്‌കൂളുകൾ എന്നിവിടങ്ങളിലെ അധ്യാപകർ വോളണ്ടിയർമാരായുണ്ട്. ഫിസിയോ, സ്പീച്ച്, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾ സൈക്കോളജിസ്റ്റുകൾ, സോഷ്യൽ വർക്കർമാർ എന്നിവരെയും സജ്ജരാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments