ഉത്തരാഖണ്ഡിലെ തപോവനിൽ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. ഋഷി ഗംഗാനദിയിലെ ജലനിരപ്പ് ഉയർന്നതിനാലാണ് രക്ഷാപ്രവർത്തനം നിർത്തി വച്ചിരുന്നത്.
തെരച്ചിൽ പുരോഗമിക്കുന്നതിനിടെ ഉച്ചയോടുകൂടി ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയരുകയായിരുന്നു. തുടർന്ന് താഴ്ന്ന മേഖലയിലുള്ളവരെ ഉടൻ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മിനിറ്റുകൾകൊണ്ട് ഒരു മീറ്ററിലധികം ജലനിരപ്പ് ഉയർന്നു. തെരച്ചിൽ നടത്തിയ രക്ഷാപ്രവർത്തകരോടും സംഭവസ്ഥലത്ത് നിന്നും പിൻവാങ്ങാൻ നിർദേശം നൽകി. എന്നാൽ ഏകദേശം ഒരു മണിക്കൂർ കൊണ്ട് ജലനിരപ്പ് താഴ്ന്നു. ഇതിന് പിന്നാലെയാണ് രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്.
80 മണിക്കൂറിലേറെയായി തുടരുന്ന രക്ഷാപ്രവർത്തനത്തിനിടെ ആറ് മീറ്ററോളം മാത്രമേ തപോവൻ തുരങ്കത്തിൽ സുരക്ഷാ സേനയ്ക്ക് എത്തിച്ചേരാൻ സാധിച്ചുള്ളു. ഋഷി ഗംഗാനദീതീരത്ത് കനത്ത ജാഗ്രത നിർദേശം നൽകി. മിന്നൽ പ്രളയം ഉണ്ടാവാനുള്ള കാരണം അവ്യക്തമായി തുടരുകയാണ്. റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ മൂലമാണ് മഞ്ഞുമല ഉരുകി അപകടമുണ്ടായതെന്ന സംശയം പ്രദേശവാസികൾ പ്രകടിപ്പിച്ചിരുന്നു. ഇതേതുടർന്ന് ഡിആർഡിഒ പഠനം നടത്തുന്നുണ്ട്. സംഭവസ്ഥലം സന്ദർശിച്ച ഉത്തരാഖണ്ഡ് ഗവർണർ ബേബി റാണി മോറിയ പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി.
പ്രളയം നാശം വിതച്ച റെനി ഗ്രാമത്തിൽ ഋഷി ഗംഗയ്ക്ക് കുറുകെയുള്ള കോൺക്രീറ്റ് പാലം ഒലിച്ചുപോയതോടെ ചൈന അതിർത്തിയിലേക്ക് റോഡ് മാർഗം ഉള്ള ഗതാഗതം ദുഷ്‌കരമായി. ഇവിടെയുള്ള ഗ്രാമീണർക്ക് ഹെലികോപ്റ്റർ മാർഗമാണ് ഭക്ഷ്ണപദാർത്ഥങ്ങൾ അടക്കമുള്ളവ സേന എത്തിക്കുന്നത്.
അതേസമയം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി. ഇതിൽ പത്തു പേരുടെ മൃതദേഹം ഡിഎൻഎ പരിശോധന വഴി തിരിച്ചറിഞ്ഞു. 200 ൽ അധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. തപോവൻ തുരങ്കത്തിൽ മുപ്പതോളം ആളുകളാണ് കുടുങ്ങിക്കിടക്കുന്നത്.