മകളെ കൊലപ്പെടുത്തിയ പ്രതിയില്‍ നിന്നും സ്വര്‍ണവും ചെറുമക്കള്‍ക്ക് ജീവനാംശവും തേടി അമ്മുമ്മ ; നിയമ, സാമ്പത്തിക സഹായവുമായി വനിതാ കമ്മിഷന്‍

0
92

സ്ത്രീധനത്തിന്റെപേരില്‍ ഭര്‍ത്താവിനാല്‍ കൊലചെയ്യപ്പെട്ട യുവതിക്ക് വിവാഹസമയത്ത് നല്‍കിയിരുന്ന സ്വര്‍ണവും, അവരുടെ അഞ്ചും മൂന്നും വയസ്സുള്ള പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ജീവനാംശവും നേടിക്കൊടുക്കുന്നതിന് കേരള വനിതാ കമ്മിഷന്‍ ഇടപെടുന്നു. ഇതിനായുള്ള നിയമസേവനവും അതിനുള്ള സാമ്പത്തികചെലവും വനിതാ കമ്മിഷന്‍ വഹിക്കും.
തിരുവനന്തപുരം മാരായമുട്ടം മേക്കേതട്ട് പുല്ലുവിളാകത്തില്‍ ജഗദമ്മ കമ്മിഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് നടന്ന സിറ്റിങ്ങിലാണ് തീരുമാനമെടുത്തത്.

വിധവയായ ജഗദമ്മയ്ക്ക് സാമ്പത്തികവും ശാരീരികവുമായ ബുദ്ധിമുട്ടുകളുള്ളതിനാല്‍ ചെറുമക്കളെ സംരക്ഷിക്കുന്നതിനായി കമ്മിഷന്റെ സഹായം അഭ്യര്‍ഥിച്ചായിരുന്നു പരാതി നല്‍കിയിരുന്നത്. കുളത്തൂര്‍ ഗവണ്‍മെന്റ് കോളജിനു സമീപം കവുങ്ങില്‍വിളാകത്ത് വീട്ടില്‍ അനിക്കെതിരായിയരുന്നു പരാതി. തന്റെ മകളെ കൊല്ലപ്പെടുത്തിയ പ്രതി ഇപ്പോള്‍ ജാമ്യത്തിലാണെന്നും പരാതിയില്‍ പറയുന്നു.

വിവാഹസമയത്ത് 70 പവന്‍ നല്‍കിയിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടെം സമയത്ത് ഡോക്ടര്‍മാര്‍ 20 പവന്‍ എതിര്‍കക്ഷിയായ അനിയെ ഏല്‍പ്പിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ജവഹര്‍ ബാലഭവന്‍ എഎസ്എം ഓഡിറ്റോറിയത്തില്‍ നടന്ന സിറ്റിങ്ങില്‍ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എം.എസ്.താര, അഡ്വ.ഷിജി ശിവജി, ഇ.എം.രാധ, ഡയറക്ടര്‍ വി.യു.കുര്യോക്കോസ് എന്നിവര്‍ പങ്കെടുത്തു.