കോവിഡ് കണക്കുണ്ടാക്കിയത് പ്രതിപക്ഷ ഗൂഡാലോചനയില്‍

0
114

കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ കൃത്രിമമുണ്ടെന്ന് വരുത്താന്‍ പ്രതിപക്ഷം ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ചില ജീവനക്കാരുമായി ഗൂഡാലോചന നടത്തിയെന്ന വിവരം പുറത്തുവരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ തെറ്റായ കണക്ക് പുറത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസ് അനുഭാവികളായ ഉദ്യോഗസ്ഥരില്‍ ചിലരെ കൂട്ടുപിടിച്ചാണ് നിയമസഭ ചേരുന്ന വേളയില്‍ 23486 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു എന്ന വിവരാവകാശ രേഖ ഉണ്ടാക്കിയതെന്ന സംശയമാണ് ബലപ്പെടുന്നത്.

23486 കോവിഡ് മരണത്തിന്റെ കണക്ക് പുറത്തുവിടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ മറ്റൊരു വിവരാവകാശ രേഖയിലൂടെ 14432 എന്ന കണക്ക് പുറത്തുവിട്ടിരുന്നു. ദിവസങ്ങളുടെ വ്യത്യാസത്തില്‍ നല്‍കിയ കണക്കുകള്‍ തമ്മില്‍ 9054 മരണകണക്കിന്റെ വ്യത്യാസമാണുള്ളത്. പ്രതിപക്ഷം ബഹളമുണ്ടാക്കുന്ന അഡ്വ. പി ആര്‍ പ്രാണകുമാറിന്റെ വിവരാവകാശ രേഖ, ജൂലൈ 14ന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ അദ്ദേഹം നേരിട്ട് അപേക്ഷ സമര്‍പ്പിച്ചതും ജൂലൈ 23ന് മറുപടി ലഭ്യമാക്കിയതുമാണ്. നിയമസഭ ചേരുന്ന വേളയില്‍ ധൃതിപിടിച്ച് ഐ കെ എമ്മില്‍ നിന്ന് അപേക്ഷകന് നേരിട്ട് മറുപടി നല്‍കിയതിന് പിന്നില്‍ ഗൂഡാലോചന നടന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കഴിഞ്ഞ മെയ് 7ന് ന്യൂസ് മിനുട്‌സ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലെ ഒരു മാധ്യമ പ്രവര്‍ത്തക സെക്രട്ടേറിയറ്റിലെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസിലേക്ക് കോവിഡ് മരണത്തിന്റെ കണക്കുകള്‍ വിവരാവകാശ നിയമ പ്രകാരം ചോദിച്ചിരുന്നു. സെക്രട്ടേറിയറ്റിലെ തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതര്‍ അവിടെ വിവരങ്ങള്‍ ലഭ്യമല്ലാത്തത് കൊണ്ട് പഞ്ചായത്ത് ഡയറക്ടറേറ്റിന് മാധ്യമ പ്രവര്‍ത്തകയുടെ അപേക്ഷ കൈമാറി. അവിടെ നിന്നും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് കൈമാറിയ അപേക്ഷയ്ക്ക് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ജൂലൈ 15ന് നല്‍കിയ മറുപടി 2020ല്‍ 32 ഉം 2021ല്‍ 14432 ഉം കോവിഡ് മരണങ്ങള്‍ നടന്നുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ദിവസങ്ങളുടെ വ്യത്യാസത്തില്‍ കോവിഡ് മരണങ്ങളുടെ കണക്കില്‍ 23486, 14432 എന്നീ കണക്കുകള്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വിവരാവകാശ നിയമ പ്രകാരം പുറത്തുവിട്ടതില്‍ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഹഴെസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ആര്‍ക്കും മനസിലാക്കാന്‍ പാകത്തില്‍ കോവിഡ് മരണത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തുമ്പോഴാണ് വകുപ്പിന് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ നിന്ന് വ്യാജ കണക്ക് സംഘടിപ്പിച്ച് പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. നിയമസഭയില്‍ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കാന്‍ വിഷയങ്ങളൊന്നുമില്ലാതെ ബുദ്ധിമുട്ടുന്ന പ്രതിപക്ഷം ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ കോണ്‍ഗ്രസ് അനുഭാവികളെ സ്വാധീനിച്ച് കെട്ടിച്ചമച്ച് കണക്കുണ്ടാക്കുകയായിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. വിവരാവകാശ നിയമത്തെയും സര്‍ക്കാര്‍ ജീവനക്കാരെയും ദുരുപയോഗം ചെയ്ത് സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണമുയര്‍ത്താന്‍ ശ്രമിക്കുന്ന നാണം കെട്ട പ്രതിപക്ഷ കളിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.