‘സൗദിയിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരി’ രാജ്യത്തിന്റെ ചരിത്രത്തിലേക്ക് ‘ഓടിക്കയറി’ യാസ്മിൻ ടോക്കിയോയിൽ

0
68

ടോക്കിയോ ഒളിമ്പിക്സ് 2021 ന്റെ ഉദ്ഘാടന ചടങ്ങിൽ ലോകം ശ്രദ്ധിച്ച ഒരു മുഖമാണ് യാസ്മിൻ അൽദബ്ബാഗ് എന്ന 23 കാരിയുടേത്. സൗദി അറേബ്യയുടെ പതാക വഹിച്ച് യാസ്മിൻ അൽദബ്ബാഗ് നടന്നു നീങ്ങിയപ്പോൾ രാജ്യത്തിന്റെ ചരിത്രത്തിലേക്ക് ഓടിക്കയറുകയായിരുന്നു സ്പ്രിന്റർ യാസ്മിൻ.

ചരിത്രത്തിൽ ആദ്യമായാണ് ഒളിമ്പിക്‌സ് വേദിയിൽ ഒരു വനിത സൗദിയുടെ പതാകയേന്തുന്നത്. തുഴച്ചിൽ താരം ഹുസൈൻ അലി രിസക്കൊപ്പമാണ് 100 മീറ്റർ ഓട്ടക്കാരി യാസ്മിൻ രാജ്യത്തിന്റെ പതാക വഹിച്ചത്.സൗദിയിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിയാണ് യാസ്മിൻ അൽദബ്ബാഗ്.

ജൂലൈ 30 വെള്ളിയാഴ്ച ടോക്കിയോ ഒളിമ്പിക് സ്റ്റേഡിയത്തിൽ അൽ-ദബ്ബാഗ് 100 മീറ്റർ ഓട്ടത്തിൽ മത്സരിക്കും. യൂണിവേഴ്‌സിറ്റിതല തെരഞ്ഞെടുപ്പ് വഴ യോഗ്യത നേടിയ യാസ്മിൻ അത്‌ലറ്റിക് ദേശീയ ട്രയൽസിൽ വനിതകളുടെ 100 മീറ്ററിൽ റെക്കോർഡ് നേടിയിരുന്നു.

കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ പഠിക്കാൻ പോയതാണ് യാസ്മിന്റെ അത്‌ലറ്റിക് ജീവിതത്തിലെ വഴിത്തിരിവായത്. 2019ൽ സൗദി അറേബ്യൻ അത്‌ലറ്റിക്‌സ് ഫെഡറേഷനിൽ അംഗമായി. ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരികളിലൊരാളായ ലിൻഫോർഡ് ക്രിസ്റ്റിയുടെ കീഴിൽ മൂന്നു വർഷമായി പരിശീലനം നേടുകയാണ്.

 

സൗദിയിലെ കായികമേഖല മുമ്പെങ്ങുമില്ലാത്തവിധം വളർച്ചയുടെ പാതയിലാണെന്നും വിഷൻ 2030 എന്ന ആശയത്തിന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് നന്ദി അറിയിക്കുന്നതായും യാസ്മിൻ ‘അറബ് ന്യൂസി’നോട് പ്രതികരിച്ചു. രാജ്യത്തെ കായികരംഗത്ത് സംഭവിക്കുന്ന മാറ്റത്തിൽ അത്‌ലറ്റുകൾ എന്ന നിലയിൽ തങ്ങൾ അഭിമാനിക്കുന്നതായും ട്രാക്കിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും യാസ്മിൻ പറഞ്ഞു.

രാജ്യത്തിന്റെ കായികമേഖല വലിയ മുന്നേറ്റം നടത്തുകയാണ്. ഇതിൽ നിരവധി ആളുകളോട് നന്ദി അറിയിക്കാനുണ്ട്. കായികമന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർകി അൽ ഫൈസലിനോടും, സൗദി അറേബ്യൻ ഒളിമ്പിക് കമ്മറ്റി, അത്‌ലറ്റിക്‌സ് ഫൗണ്ടേഷൻ എന്നിവയ്ക്കും നന്ദി പറയുന്നു യാസ്മിൻ കൂട്ടിച്ചേർത്തു.

സൗദിയിലെ സ്ത്രീ പങ്കാളിത്തം രാജ്യവ്യാപകമായി വ്യാപകമാകുന്നതിനും സാംസ്കാരികമായും കൂടുതൽ സ്വീകാര്യമാകുന്നതിനും സൗദി അറേബ്യയുടെ കായിക ചരിത്രത്തിലെ വനിതാ മുന്നേറ്റത്തിൻറെ വക്താക്കളിലൊരാളായ യാസ്മിന്റെ ഒളിമ്പിക്‌സ് അരങ്ങേറ്റം പ്രചോദനവും പ്രതീക്ഷയുമാണ്.