2021 റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഉടന്‍ വിപണിയിലേക്ക്

0
53

2021 റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഉടന്‍ വിപണിയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. ഹോണ്ട കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിച്ച ഹൈനെസ്സ് 350 ആയിരിക്കും പ്രധാന എതിരാളികള്‍. കൊവിഡ്-19 രണ്ടാം തരംഗം മൂലം മുമ്ബ് ക്ലാസിക് 350യുടെ അവതരണം മാറ്റിവെയ്ക്കുകയിരുന്നു. എന്നാല്‍, ഇനി അത് ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ തന്നെ 2021 ക്ലാസിക് 350യുടെ ലോഞ്ചുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

2021 മോഡലിലും ക്രോം എക്സ്ഹോസ്റ്റ് പൈപ്പ്, വയര്‍ സ്പോക്ക് അലോയ് വീലുകള്‍, ക്രോം റിയര്‍വ്യൂ മിറര്‍, വൃത്താകൃതിയിലുള്ള ഹെഡ്‍ലാംപ് എന്നിങ്ങനെയുള്ള ക്ലാസിക്കിന്റെ സവിശേഷതകള്‍ മാറ്റമില്ലാതെ തുടരും. മാത്രമല്ല, 2021 ക്ലാസിക് 350യില്‍ പുതിയ വൃത്താകൃതിയിലുള്ള ടെയില്‍ ലാംപ് ഇടം പിടിക്കും. പുറകിലെ നമ്ബര്‍ പ്ലേറ്റ് ഭാഗം മാറ്റിസ്ഥാപിച്ചിട്ടുണ്ട്. അനൗദ്യോഗികമായി പുറത്ത് വന്ന ചിത്രങ്ങള്‍ പ്രകാരം ക്ലാസിക് 350-യുടെ പ്രധാന പോരായ്മയായി ചൂണ്ടികാണിച്ചിരുന്ന വലിപ്പം കുറവുള്ള സഹയാത്രികനുള്ള സീറ്റ് 2021 മോഡലില്‍ മാറ്റിസ്ഥാപിച്ചിട്ടുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് കഴിഞ്ഞ വര്‍ഷം നവംബറില്‍ വില്പനക്കെത്തിച്ച മീറ്റിയോര്‍ തയ്യാറാക്കിയ ജെ-പ്ലാറ്റഫോമിലാണ് 2021 ക്ലാസിക് 350 ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. മീറ്റിയോറിലെ 349 സിസി, ഫ്യുവല്‍ ഇന്‍ജെക്ടഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ പുത്തന്‍ ക്ലാസിക് 350യിലും ഇടം പിടിക്കും. 6,100 ആര്‍പിഎമ്മില്‍ 20.2 എച്ച്‌പി പവറും 4,000 ആര്‍പിഎമ്മില്‍ 27 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. പുതിയ മാറ്റങ്ങള്‍ ക്ലാസിക് 350യുടെ വിലയും കൂട്ടിയേക്കാം.