Thursday
18 December 2025
24.8 C
Kerala
HomeKeralaസംസ്ഥാനത്തെ വില്ലേജ് ഓഫിസുകൾ ഏകീകൃത രൂപത്തിൽ സ്മാർട്ടാക്കും ; മന്ത്രി കെ. രാജൻ

സംസ്ഥാനത്തെ വില്ലേജ് ഓഫിസുകൾ ഏകീകൃത രൂപത്തിൽ സ്മാർട്ടാക്കും ; മന്ത്രി കെ. രാജൻ

സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫിസുകളും ഏകീകൃത രൂപത്തിൽ സ്മാർട്ട് ഓഫിസുകളാക്കുമെന്നു റവന്യൂ മന്ത്രി കെ. രാജൻ. ജനത്തിരക്കില്ലാത്തതും പരമാവധി സേവനങ്ങൾ വീട്ടിലിരുന്നുതന്നെ ഇ-സേവനങ്ങളായി ലഭ്യമാക്കാൻ കഴിയുന്നതുമായ സൗകര്യങ്ങളാകും ഈ വില്ലേജ് ഓഫിസുകളിൽ ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിന്റെ വിഷൻ ആൻഡ് മിഷൻ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ എം.എൽ.എമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വില്ലേജ് ഓഫിസുകളുടെ മുഖച്ഛായ മാറ്റുന്നതിനുള്ള വിശദ പദ്ധതി റവന്യൂ വകുപ്പ് തയാറാക്കുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. വില്ലേജ് ഓഫിസുകളിൽ പൊതുവായുണ്ടാകേണ്ട അടിസ്ഥാന സൗകര്യങ്ങൾ എല്ലായിടത്തും സജ്ജമാക്കും. വില്ലേജ് ഓഫിസറുടെ മുറി, റെക്കോഡ് റൂം, മറ്റു ജീവനക്കാരുടെ സൗകര്യങ്ങൾ തുടങ്ങിയവയ്ക്ക് ഏകീകൃത രൂപം തയാറായിവരികയാണ്. വില്ലേജ് ഓഫിസുകൾക്ക് ഏകീകൃത നിറം നൽകുന്നതിനും ഉദ്ദേശിക്കുന്നുണ്ട്. ഇനിമുതൽ നിർമിക്കുന്ന എല്ലാ വില്ലേജ് ഓഫിസുകളും ഈ മാതൃകയിലാകും പൂർത്തിയാക്കുകയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 175 വില്ലേജ് ഓഫിസുകൾ ഉടൻ നവീകരിക്കുന്നതു സംബന്ധിച്ചു പൊതുമരാമത്ത് വകുപ്പുമായും സംസ്ഥാന നിർമിതി കേന്ദ്രവുമായും സംസാരിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തേണ്ടവ സമയബന്ധിതമായി പൂർത്തിയാക്കും. തിരുവനന്തപുരം ജില്ലയിൽ 15 സ്മാർട്ട് വില്ലേജ് ഓഫിസുകളാണുള്ളത്. 49 എണ്ണത്തിന്റെ നിർമാണം ഉടൻ ആരംഭിക്കാനിരിക്കുകയാണ്. 38 എണ്ണം അറ്റകുറ്റപ്പണി നടത്തി സ്മാർട്ട് ഓഫിസുകളാക്കി മാറ്റാനാകും. 19 ഇടത്തു പുതിയ കെട്ടിടം നിർമിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വില്ലേജ് ഓഫിസുകൾക്കു സ്ഥലലഭ്യത ഉറപ്പാക്കുന്നതിനും എം.എൽ.എ ഫണ്ടും ജനങ്ങളുടെ സഹകരണവും ഉറപ്പാക്കി നിർമാണം വേഗത്തിൽ പൂർത്തിയാക്കുന്നതിനും എം.എൽ.എമാർ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നു മന്ത്രി പറഞ്ഞു. ചാത്തന്നൂർ മണ്ഡലത്തിൽ വില്ലേജ് ഓഫിസുകൾ സ്മാർട്ട് ഓഫിസുകളാക്കി നവീകരിച്ച രീതി ഇക്കാര്യത്തിൽ മാതൃകയാക്കാവുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ജില്ലയിൽ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ എം.എൽ.എമാർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വില്ലേജ് ഓഫിസ് നവീകരണം അടക്കമുള്ള കാര്യങ്ങളിൽ പൂർണ പിന്തുണയും എം.എൽ.എമാർ വാഗ്ദാനം ചെയ്തു. ഐ.എൽ.ഡി.എമ്മിൽ നടന്ന യോഗത്തിൽ എം.എൽ.എമാരായ വി. ജോയി, ഒ.എസ്. അംബിക, ഡി.കെ. മുരളി, വി.കെ. പ്രശാന്ത്, ജി. സ്റ്റീഫൻ, സി.കെ. ഹരീന്ദ്രൻ, ഐ.ബി. സതീഷ്, എം. വിൻസന്റ്, കെ. ആൻസലൻ, റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ലാൻഡ് റവന്യൂ കമ്മിഷണർ കെ. ബിജു, ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ റവന്യൂ, ഭവന നിർമാണ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments