ജഡ്ജി കലാം പാഷയ്‌ക്കെതിരെ ഹൈക്കോടതിയിൽ പരാതിയുമായി ഭാര്യ, മുത്തലാഖ് നിരോധനം നിലനിൽക്കേ തലാഖ് ചൊല്ലി

0
72

പാലക്കാട് ജില്ലാ സെഷൻസ് കോ‌ടതി ജഡ്ജി ബി കലാം പാഷയ്ക്കെതിരെ ഹൈക്കോടതിയിൽ പരാതിയുമായി ഭാര്യ. സുപ്രീംകോടതി വിധി ലംഘിച്ച്‌ മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയെന്നാണ് പരാതി. ജഡ്ജിയുടെ സഹോദരനും മുൻ കേരള ഹൈക്കോടതി ജഡ്ജിയുമായ കമാൽ പാഷ കേസിൽ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചു.

2018 മാർച്ച്‌ ഒന്നിനാണ് അതേ തീയതി രേഖപ്പെടുത്തി മുത്തലാഖ് ചൊല്ലിയതായുള്ള കത്ത് ബി കലാം പാഷ പരാതിക്കാരിക്ക് നൽകിയത്. പിന്നീട് ആദ്യം രേഖപ്പെടുത്തിയ തീയതി അച്ച‌ടി പിശക് ആണെന്നും 2018 മാർച്ച്‌ ഒന്ന് എന്നത് 2017 മാർച്ച്‌ ഒന്ന് എന്നാക്കി കത്ത് മാറ്റണമെന്നും ആവശ്യപ്പെട്ട് കലാം പാഷ വീണ്ടും കത്ത് നൽകിയെന്നാണ് പരാതിക്കാരി പറയുന്നത്.

ഇത് സുപ്രീംകോടതി മുത്തലാഖ് നിരോധിക്കുന്നതിനു മുൻപുള്ള തീയതി ആണെന്നും ഇതുവഴി നിയമനടപ‌ടികളിൽ നിന്നും രക്ഷപെ‌ടുവാനാണ് ഉദ്ദേശമെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.2017 ഓഗസ്റ്റിൽ സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചിരുന്നു. നിലവിൽ മുത്തലാഖ് ക്രിമിനൽ കുറ്റമാണ്.

കലാം പാഷയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് ഇവർ പരാതി നൽകിയിരിക്കുന്നത്. ഗാർഹിക പീഡന നിയമ പ്രകാരമാണ് പരാതി. ബി കലാം പാഷ മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. ജഡ്ജിക്കെതിരെ കേസെടുക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം.