‘പെഗാസസ് ചാര സോഫ്റ്റ്‌വെയർ’, എന്താണ് പെഗാസസ്

0
62

രാജ്യത്തെ പ്രമുഖരായ ആളുകളുടെ ഫോൺ കോളുകളും വിവരങ്ങളും ചോർത്തിയതായി റിപ്പോർട്ട് വന്നത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യയിൽ മൂന്നൂറിലധികം ഫോൺ നമ്ബറുകൾ ഇത്തരത്തിൽ ചോർത്തിയതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. രണ്ട് മന്ത്രിമാർ, മൂന്ന് പ്രതിപക്ഷ നേതാക്കൾ, ഭരണഘടനാ പദവിയിലുള്ള ഒരാൾ, ഒരു സിറ്റിങ് സുപ്രീം കോടതി ജഡ്ജി, നിരവധി മാധ്യമപ്രവർത്തകർ, ബിസിനസുകാർ എന്നിങ്ങനെ നിരവധി പ്രമുഖരുടെ വിവരങ്ങൾ ഇസ്രായേൽ കമ്ബനിയായ എൻ‌എസ്‌ഒ ഗ്രൂപ്പിന്റെ പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച്‌ ചോർത്തിയതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

പെഗാസസിനെക്കുറിച്ച്‌ കൂടുതൽ മനസിലാക്കാം.

ഇസ്രായേലിലെ പ്രാമുഖ സോഫ്റ്റ്‌വെയർ നിർമ്മാണ കമ്ബനിയായ എൻഎസ്‌ഒ നിർമ്മിച്ച്‌ വിതരണം ചെയ്യുന്ന ചാര സോഫ്റ്റ്‌വെയറാണ് പെഗാസസ്. ഡിജിറ്റൽ ഉപകരണങ്ങളെ ബാധിക്കുന്ന ഈ സോഫ്റ്റ്‌വെയർ അനധികൃതമായി മാസ്റ്റർ സെർവറിലേക്ക് ഡേറ്റ കൈമാറി ഉപകരണവും ഉപയോഗിക്കുന്ന ആളിനെയും നിരീക്ഷിക്കാൻ വഴിയൊരുക്കുന്നു. വിവിധ രാജ്യങ്ങളിലെ സർക്കാരുകൾക്ക് മാത്രമേ ഈ സോഫ്റ്റ്‌വെയർ നൽകുകയുള്ളു എന്നാണ് കമ്ബനിയുടെ അവകാശവാദം. ലിങ്ക് ക്ലിക്ക് ചെയ്യാതെയും മെസ്സേജുകൾ ഇല്ലാതെയും ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതൊരു ഉപകരണത്തിലും നിഷ്പ്രയാസം കടക്കാൻ പെഗാസസ് സോഫ്റ്റ്‌വെയറിന് കഴിയും.

നഷ്ടപെട്ട ഫോൺ, മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ കണ്ടുപിടിക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷനുകൾ ആയിട്ടാകും ഇത്തരത്തിലുള്ള മിക്ക ചാര സോഫ്റ്റ്‌വെയറുകളും നിരീക്ഷണ സോഫ്റ്റ്‌വെയറുകളും കാണപ്പെടുക. ഇത്തരം വൈറസുകൾ കണ്ടെത്താൻ ആന്റി വൈറസ് സോഫ്റ്റ്‌വെയറുകൾക്ക് കഴിയുമെങ്കിലും, ചാര സോഫ്റ്റ്‌വെയറുകളും നിരീക്ഷണ സോഫ്റ്റ്‌വെയറുകളും ഉപകാരപ്രദമായ ആപ്പ് ആണെന്ന് കാണിച്ച്‌ വിവരങ്ങൾ മോഷ്ടിച്ചു ഉപയോക്താവിന്റെ അറിവില്ലാതെ മറ്റു സർവറുകളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. പ്രധാന ആപ്പുകളുടെ അനധികൃത പതിപ്പുകളിൽ സ്പയിങ് കോഡ് മറച്ചു വെക്കുക എന്ന രീതിയാണ് ചാര സോഫ്റ്റ്‌വെയറുകൾ സ്വീകരിക്കുന്നത്. എന്നാൽ, ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് കൂടുതൽ പെർമിഷനുകൾ ചോദിക്കുകയാണ് നിരീക്ഷണ സോഫ്റ്റ്‌വെയറുകൾ ചെയ്യുക.

വാട്സ്‌ആപ്പ്, ഐമെസ്സേജ്, എസ്‌എംഎസ് എന്നിവയിലെ ചെറിയ പോരായ്മാകൾ മുതലാക്കിയാണ് പെഗാസസ് സോഫ്റ്റ്‌വെയറുകൾ ഉപയോക്താക്കളുടെ ഫോണിനെയും കംപ്യൂട്ടറിനെയും ബാധിക്കുക. ഉപകരണത്തിന്റെ അടിസ്ഥാന അവകാശം സ്വന്തമാക്കാൻ ശ്രമിക്കു ഈ സോഫ്റ്റ്‌വെയർ പൂർണമായി ഉപകരണം നിയന്ത്രണത്തിലാക്കും.

സർവറിന്റെ നിർദേശപ്രകാരം ചാര സോഫ്റ്റ്‌വെയറിന് ക്യാമറയും മൈക്കും സ്വയം പ്രവർത്തിപ്പിക്കാനും ഉപകരണത്തിലെ ചാറ്റുകളും കോണ്ടാക്ടുകളും ബാക്കപ്പുകളും പരിശോധിക്കാനും സാധിക്കും. ഉപകരണത്തിൽ പ്രവേശിക്കുന്നത് മുതൽ സർവറിന്റെ നിർദേശപ്രകാരം ചാര സോഫ്റ്റ്‌വെയറിന് സംസാരം റെക്കോർഡ് ചെയ്യാനും കലണ്ടർ പരിശോധിക്കാനും എസ്‌എംഎസുകളും മെയിലുകളും വായിക്കാനും സാധിക്കും. മുൻപ് ഉണ്ടായിരുന്ന മറ്റ് സമാന ചാര സോഫ്റ്റ് വെയറുകളെ അപേക്ഷിച്ച്‌ കൂടുതൽ ശക്തമാണ് എന്നതാണ് പെഗാസസ് സ്പൈവെയർ സംബന്ധിച്ച്‌ ആശങ്കപ്പെടുത്തുന്ന കാര്യം.