പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ ലോക്സഭയിൽ പ്രതിപക്ഷ ബഹളം. സഭ ഉച്ചയ്ക്ക് രണ്ടുവരെ നിർത്തിവച്ചു. വർഷകാല സമ്മേളനത്തിൻറെ ആദ്യദിനം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് പിന്നാലെ പ്രധാനമന്ത്രി സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിപക്ഷ അംഗങ്ങൾ ബഹളം തുടങ്ങിയത്.
ഫോൺ ചോർത്തൽ സംഭവത്തിൽ കേന്ദ്ര സർക്കാർ വിശദീകരണം നൽകണമെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം. പ്രതിപക്ഷം ജനാധിപത്യപരമായി പെരുമാറണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം അടങ്ങിയില്ല.
ചർച്ചകൾക്ക് അവസരമൊരുക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. ബഹളം രൂക്ഷമായതോടെ സഭ നിർത്തിവയ്ക്കുകയായിരുന്നു.