സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസിന്റെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് തിങ്കളാഴ്ച (ജൂലൈ 19) തുടക്കമാകും .രാവിലെ 10.30 ന് തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തിനു മുന്നിൽ പിങ്ക് പട്രോൾ സംഘങ്ങൾക്ക് നൽകിയ വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതോടെ പദ്ധതി നിലവിൽ വരും. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങൾ, സൈബർലോകത്തിലെ അതിക്രമങ്ങൾ, പൊതുയിടങ്ങളിലെ അവഹേളനങ്ങൾ തുടങ്ങിയവ തടയുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് രൂപം നൽകിയത്. നിലവിലുള്ള പിങ്ക് പോലീസ് പട്രോൾ സംവിധാനം സജീവമാക്കുന്നത് ഉൾപ്പെടെയുള്ള പരിപാടികൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഗാർഹികപീഡനങ്ങൾ പലപ്പോഴും പോലീസ് അറിയുന്നത് പരാതികൾ ലഭിക്കുമ്പോൾ മാത്രമാണ്. ഇത്തരം പീഡനങ്ങൾ മുൻകൂട്ടിക്കണ്ട് തടയുന്നതിന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാനുള്ള പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം പുതിയ പദ്ധതിയിൽപ്പെടുന്നു. വീടുകൾതോറും സഞ്ചരിച്ച് ഗാർഹികപീഡനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ് പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനത്തിന്റെ ചുമതല. പഞ്ചായത്ത് അംഗങ്ങൾ, അയൽവാസികൾ, മറ്റ് നാട്ടുകാർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഇവർ മേൽനടപടികൾക്കായി സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് കൈമാറും.
പ്രത്യേക പരിശീലനം ലഭിച്ച വനിതാപോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പിങ്ക് ബീറ്റ് സംവിധാനം കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിലും സ്‌കൂൾ, കോളേജ്, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവയുടെ മുന്നിലും ബസ് സ്റ്റോപ്പുകളിലും ഇനിമുതൽ സാന്നിധ്യമുറപ്പിക്കും. ഇവരുടെ സഹായത്തിനായി 14 ജില്ലകളിലും പിങ്ക് കൺട്രോൾ റൂം തിങ്കളാഴ്ച മുതൽ പ്രവർത്തനസജ്ജമാകും. ജനത്തിരക്കേറിയ പ്രദേശങ്ങളിൽ സാമൂഹികവിരുദ്ധരുടെ സാന്നിധ്യം കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി പിങ്ക് ഷാഡോ പട്രോൾ ടീമിനെയും നിയോഗിക്കും. വനിതാ ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെടുന്ന ബുള്ളറ്റ് പട്രോൾ സംഘമായ പിങ്ക് റോമിയോയും തിങ്കളാഴ്ച നിലവിൽവരും.
വനിതാ സെല്ലുകളിൽ നിലവിലുള്ള കൗൺസലിംഗ് സംവിധാനം മികച്ച സന്നദ്ധസംഘടനകളുടെ സഹായത്തോടെ ശക്തിപ്പെടുത്തും. വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികളിൽ ഫലപ്രദമായി തീർപ്പ് കൽപ്പിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷനായ പോൽ-ആപ്പ്, വനിതാസംരക്ഷണത്തിന് സഹായമായ നിർഭയം ആപ്പ് എന്നിവയുടെ ഉപയോഗം വ്യാപകമാക്കുന്നതും പുതിയ പദ്ധതിയുടെ ഭാഗമാണ്.