അവധിയുപേക്ഷിച്ച് എഴുപതോളം ആശുപത്രി ജീവനക്കാര്‍ അണിചേര്‍ന്ന് ഒറ്റദിവസം കൊണ്ട് മെഡിക്കല്‍ കോളേജ് ആശുപത്രി ഒപി ബ്ലോക്കിന് പകര്‍ന്നുനല്‍കിയത് പുത്തന്‍ശോഭ. കോവിഡ് വ്യാപനത്തില്‍ രണ്ടുവര്‍ഷത്തോളമായി ഭാഗികമായെങ്കിലും പ്രവര്‍ത്തനം മന്ദീഭവിച്ചുകിടന്ന ഒപി ബ്ലോക്കിനെയാണ് ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ജീവനക്കാര്‍ പൂര്‍ണമായും ശുചീകരിച്ചത്.
ജീവനക്കാരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തെക്കുറിച്ചറിഞ്ഞ ആരോഗ്യവകുപ്പുമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി ശുചീകരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും അവധി ഉപേക്ഷിച്ച് ജീവനക്കാര്‍ ഒറ്റക്കെട്ടായി നടത്തിയ സദ്പ്രവൃത്തിയെ അഭിനന്ദിക്കുകയും ചെയ്തു.
മെഡിക്കൽ കോളേജ് വാർഡ് കൗൺസിലറും നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ ഡി ആർ അനിലും മന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു. മൂന്നുനിലകളുള്ള കെട്ടിടത്തിലെ മുക്കിലും മൂലയിലും വരെ കടന്നുചെന്ന് പൊടിയും മാറാലയുമെല്ലാം നീക്കം ചെയ്യാന്‍ കൈമെയ് മറന്നുള്ള പ്രവര്‍ത്തനമാണ് ജീവനക്കാര്‍ കാഴ്ചവച്ചത്.
സിക്ക, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ കൊതുകുജന്യരോഗങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ആശുപത്രി സൂപ്രണ്ട് ഡോ ജോബിജോണിന്‍റെ നേതൃത്വത്തില്‍ ഏകദിന ശുചീകരണ യജ്ഞം നടത്താന്‍ തീരുമാനിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ രോഗികള്‍ പൊതുവേ കുറവായിരുന്നെങ്കിലും ഞായറാഴ്ച ഒഴികെയുള്ള മറ്റുദിവസങ്ങള്‍ വ്യാപകമായ ശുചീകരണപ്രവര്‍ത്തനത്തിന് സാധ്യമായിരുന്നില്ല. കൊതുകുജന്യരോഗങ്ങളെ തുടക്കത്തിലെ പ്രതിരോധിക്കാന്‍ കഴിഞ്ഞദിവസം ആശുപത്രി സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ സാനിറ്ററി റൗണ്ട്സ് നടത്തിയിരുന്നു. അതിന്‍റെ പശ്ചാത്തലത്തിലാണ് ഞായറാഴ്ച മാസ് ക്ലീനിംഗിന് തീരുമാനമായത്.
ഇതോടൊപ്പം വീല്‍ചെയര്‍, ട്രോളി കസേരകള്‍ എന്നിവ കഴുകി വൃത്തിയാക്കുകയും ചെയ്തു. സൂപ്രണ്ട് ഡോ ജോബിജോണിനൊപ്പം ആര്‍ എം ഒ ഡോ മോഹന്‍ റോയ്, നേഴ്സിംഗ് ഓഫീസർ അനിതകുമാരി, ഹൗസ് കീപ്പിംഗ് വിഭാഗത്തിന്‍റെ ചുമതല വഹിക്കുന്ന ശ്രീദേവി, വികാസ് ബഷീര്‍, സെക്യൂരിറ്റി ഓഫീസര്‍ നസറുദീന്‍ എന്നിവരും ശുചീകരണയജ്ഞത്തിന് നേതൃത്വം നല്‍കി. ചിത്രം: (1) മെഡിക്കൽ കോളേജ് ഒ പി ബ്ലോക്ക് ആശുപത്രി സൂപ്രണ്ട് ഡോ ജോബി ജോണിൻ്റെ നേതൃത്വത്തിൽ ശുചീകരിക്കുന്നു(2) അവധി ഉപേക്ഷിച്ച് ശുചീകരണ യജ്ഞത്തിൽ പങ്കെടുത്ത ജീവനക്കാരെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.