പാമ്പുകളില്ലാത്ത ഒരേയൊരു പ്രദേശം

0
62

മനുഷ്യര്‍ക്ക് വാസയോഗ്യമായ എല്ലാ പ്രദേശങ്ങളിലും കാണപ്പെടുന്ന ജീവിയാണ് പാമ്പ്. പല ഗണത്തിലും രൂപത്തിലും നിറത്തിലുമുള്ള പാമ്പുകള്‍ എല്ലാ കരകളിലും മനുഷ്യര്‍ക്ക് ഭയം സൃഷ്ടിച്ചു കൊണ്ട് ജീവിക്കുന്നുണ്ട്. എന്നാല്‍ മനുഷ്യര്‍ പണ്ട് മുതലേ താമസിക്കാന്‍ ആരംഭിച്ചവെങ്കിലും പാമ്പുകള്‍ ഇല്ലാത്ത ഒരേയൊരു പ്രദേശം ഭൂമിയിലുണ്ട്. യൂറോപ്യന്‍ രാജ്യമായ അയര്‍ലൻഡാണ് പാമ്പുകളില്ലാത്ത ആ പറുദീസ. എന്തുകൊണ്ടായിരിക്കും ഇവിടെ പാമ്പുകളില്ലാത്തത് എന്ന ചോദ്യത്തിന് പഴമക്കാര്‍ നല്‍കുന്ന ഉത്തരം ഇങ്ങനെയാണ്.

പാട്രിക് പുണ്യാളന്‍ പാമ്പുകളെ അയര്‍ലൻഡില്‍ നിന്നു കുടിയിറക്കി സമുദ്രത്തിലേക്കു പായിച്ചുവെന്നാണ് ഇവരുടെ വിശ്വാസം. പുണ്യാളന്റെ ആ പ്രവൃര്‍ത്തിയോടെ പാമ്പുകള്‍ക്ക് വിലക്കപ്പെട്ട പ്രദേശമായി അയര്‍ലൻഡ് മാറിയെന്നും ഒരു വിഭാഗം വിശ്വസിക്കുന്നു. എന്നാല്‍ ഈ വിശദീകരണത്തില്‍ തൃപ്തരല്ലാത്തതു കൊണ്ടാകണം അയര്‍ലൻഡിൽ പാമ്പുകള്‍ ഇല്ലാത്തിന്റെ യാഥാര്‍ഥ്യം തേടി ശാസ്ത്രം രംഗത്തിറങ്ങിയത്. ഇതിന് തൃപ്തികരമായ ഒരുത്തരം ഇവര്‍ കണ്ടെത്തുകയും ചെയ്തു.

അയര്‍ലൻഡിലെ പാമ്പുകള്‍ എവിടേയ്ക്കും പോയതല്ല എന്നും അയര്‍ലൻഡില്‍ ഒരു കാലത്തും പാമ്പുകള്‍ ഉണ്ടായിരുന്നില്ലെന്നുമാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഏതാണ്ട് 100 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് പാമ്പുകള്‍ ഭൂമിയില്‍ ആവിര്‍ഭവിച്ചപ്പോള്‍ ഗ്വോണ്ടാന ലാന്‍ഡ് എന്ന ഒറ്റ വന്‍കരയായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്ത് അയര്‍ലൻഡ് ഈ കരയുടെ ഭാഗമായിരുന്നില്ല. അയര്‍ലൻഡ് പിന്നെയും ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സമുദ്രത്തിനടിയില്‍ നിന്നും പുറത്തേക്കു വന്നത്.

ഈ സമയത്താകട്ടെ അയര്‍ലൻഡ് ആര്‍ട്ടിക്കിനു തുല്യമായ രീതിയില്‍ മഞ്ഞു മൂടി കിടക്കുകയായിരുന്നു. മഞ്ഞു പാളികൾ വഴി അയര്‍ലൻഡ് ബ്രിട്ടനുമായി ബന്ധപ്പെട്ടു കിടന്നിരുന്നുവെങ്കിലും മഞ്ഞു മൂലം ഇവിടേക്കു കുടിയേറാന്‍ പാമ്പുകള്‍ താൽപര്യം പ്രകടിപ്പിച്ചില്ല. അയര്‍ലൻഡില്‍ നിന്ന് മഞ്ഞ് പൂര്‍ണ്ണമായും ഇല്ലാതാകുന്നത് 15000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. എന്നാല്‍ ഈ സമയമായപ്പോഴേക്കും മഞ്ഞുരുകി ബ്രിട്ടനും അയര്‍ലൻഡിനും ഇടയില്‍ പന്ത്രണ്ട് മൈല്‍ ദൂരത്തില്‍ സമുദ്രം രൂപപ്പെടുകയും ചെയ്തു. ഇതോടെ പാമ്പുകള്‍ക്ക് വിലക്കപ്പെട്ട പറുദീസ കീഴടക്കാനുള്ള അവസാന അവസരവും നഷ്ടമായി.അയര്‍ലൻഡിനെ കൂടാതെ ന്യൂസീലാന്‍ഡ് മാത്രമാണ് പാമ്പുകളില്ലാത്ത സ്വാഭാവികമായ മനുഷ്യവാസം സാധ്യമായ പ്രദേശം