‘രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലിയില്ല’ നിർദേശവുമായി ഉത്തർപ്രദേശ്

0
58

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് പുതിയ നിയന്ത്രണങ്ങളുമായി ഉത്തർപ്രദേശ് ഭരണകൂടം.രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നതിനും വിലക്കണമെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്.

സംസ്ഥാന നിയമകാര്യ കമ്മീഷൻ പുറത്തുവിട്ട ജനസഖ്യാനിയന്ത്രണ ബില്ലിന്റെ കരട് രൂപത്തിലാണ് രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലികളിൽ അപേക്ഷിക്കുന്നതിൽ നിന്നുള്ള വിലക്കടക്കം കടുത്ത നിയന്ത്രണങ്ങൾ വേണമെന്ന് നിർദ്ദേശിക്കുന്നത്.

സർക്കാരിന്റെ സഹായപദ്ധതികളിൽ നിന്ന് രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ ഒഴിവാക്കണമെന്ന നിർദേശവും ബിൽ മുന്നോട്ടുവെക്കുന്നുണ്ട്. യു പി സംസ്ഥാന നിയമകാര്യകമ്മീഷൻ ചെയർമാർ ജസ്റ്റിസ് എ എൻ മിത്തലാണ് ബില്ലിന്റെ കരട് രൂപം പുറത്തുവിട്ടത്. നികുതിദായകരുടെ പണം രണ്ടിൽ കൂടുതൽ കുട്ടികള്ളവർക്ക് നല്കാൻ സർക്കാരിന് കഴിയില്ലെന്നാണ് ഇത് സംബന്ധിച്ച് ജസ്റ്റിസ് മിത്തൽ അഭിപ്രായപ്പെട്ടത്.

അതേസമയം, രണ്ടു കുട്ടികളുള്ളവർക്ക് നിരവധി സഹായങ്ങളും സൗജന്യങ്ങളും നല്കാൻ ബില്ലിൽ ശുപാർശയുണ്ട്. ഒറ്റ കുട്ടിയുള്ളവർക്കും സർക്കാർ സർവ്വീസിലും പുറത്തും നിരവധി സൗജന്യസഹായം കരട് ബിൽ നല്കുന്നുണ്ട്.

യു പി നിയമകാര്യ കമ്മീഷന്റെ വെബ്‌സൈറ്റിൽ ബില്ലിന്റെ കരട് രൂപം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ബില്ല് സംബന്ധിച്ച് പൊതുജനങ്ങളുടെ നിർദേശം ജൂലൈ 19 വരെ സ്വീകരിക്കുമെന്ന് കമ്മീഷൻ അറിയിച്ചു. 2021-30 കാലഘട്ടത്തിലെ സർക്കാരിന്റെ പുതിയ ജനസഖ്യാനയം ഞായറാഴ്ച്ച മുഖ്യമന്ത്രി യോഗി ആദിത്യതാഥ് പ്രഖ്യാപിക്കും.