ജമ്മു കശ്​മീരിലെ മൂന്നോളം ഏറ്റുമുട്ടലുകളില്‍ അഞ്ചുഭീകരരെ സുരക്ഷസേന വധിച്ചു

0
55

ജമ്മു കശ്​മീരിലെ കുല്‍ഗാം, പുല്‍വാമ ജില്ലകളിലായി നടന്ന മൂന്നോളം ഏറ്റുമുട്ടലുകളില്‍ അഞ്ചുഭീകരരെ സുരക്ഷസേന വധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയായിരുന്നു ഏറ്റുമുട്ടല്‍.

കുല്‍ഗാം ജില്ലയിലെ സോദാറില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്​ സുരക്ഷസേന വളയുകയും തിരച്ചില്‍ നടത്തുകയും ചെയ്​തിരുന്നു. സുരക്ഷസേനക്ക്​ നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ ഏറ്റുമുട്ടലായി മാറുകയായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ടു ലഷ്​കര്‍ തീവ്രവാദികളെ സൈന്യം വധിച്ചു.

തുടര്‍ന്ന്​ പുല്‍വാമയിലും ഹന്ദ്വാരയിലും ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. പുല്‍വാമയില്‍ രണ്ടു ഭീകരരെ കൂടി സുരക്ഷസൈന്യം വധിച്ചു.
ഹന്ദ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്​ബുള്‍ ഭീകരനായ മെഹ്​റാസുദ്ദീന്‍ ഹല്‍വായ്​ അഥവാ ഉബൈദാണ്​ കൊല്ല​പ്പെട്ടതെന്നാണ്​ വിവരം. 24 മണിക്കൂറിനിടെയായിരുന്നു മൂന്നു ഏറ്റുമുട്ടലുകളും.