ഉത്ര കൊലക്കേസിൽ ഭർത്താവ് സൂരജിനെതിരെ ഗുരുതര ആരോപണങ്ങളുമായി പോസിക്യൂഷൻ. പാമ്പിനെക്കൊണ്ട് ഉതയെ കൊലപ്പെടുത്തിയത് സ്വത്തിന് വേണ്ടിയെന്ന് അന്തിമവാദത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ പറത്തു.
ഭിന്നശേഷിക്കാരിയായ ഭാര്യയെ അവരുടെ സ്വത്ത് നിലനിർത്തണമെന്നുമുള്ള ഉദ്ദേശത്തോടെ കൊലപ്പെടുത്തുകയും അത് സർപ്പ കോപമാണെന്ന് വരുത്തി തീർക്കാനുള്ള പ്രതിയുടെ ശ്രമവുമാണ് പ്രോസിക്യൂഷൻ കേസെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് കോടതിയെ ആമുഖമായി അറിയിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പരമാവധി ശിക്ഷ പ്രതിക്ക് നൽകണമെന്നാണ് വിചാരണയുടെ അവസാന ഘട്ടത്തിൽ പ്രോസിക്യൂഷൻ നിലപാട്.
ഉത്രവധക്കേസിൽ പ്രോസിക്യൂഷൻ ഭാഗം വാദം ആറാം അഡിഷനൽ സെഷൻസ് ജഡ്ജി എം. മനോജ് മുമ്പാകെയാണ് ആരംഭിച്ചത്. ഭാര്യയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി സൂരജ് നടത്തിയ കൊലപാതകമാണ് ഉത്രയുടേതെന്നാണ് പ്രോസിക്യൂഷന്റെ പ്രധാനപ്പെട്ട വാദം. അത്യപൂർവ്വമാകുന്നത് കൊലപാതകം നടപ്പിലാക്കാനുള്ള പ്രതിയുടെ സമാനതകളില്ലാത്ത കുബുദ്ധിയും ഉപയോഗിച്ച പാമ്പ് എന്ന ആയുധവുമാണ്.
രണ്ടു തവണ നിരാലംബയായ ഒരു സ്ത്രീയിൽ ഏൽപ്പിച്ച സഹിക്കാനാവാത്ത വേദനയും എല്ലാ കുറ്റകൃത്യവും മൂടിവെയ്ക്കാൻ ഉപയോഗിച്ച സർപ്പകോപം എന്ന മിത്തും മാത്രമല്ല, കൊലപാതകം നടപ്പിലാക്കാൻ വേണ്ടി പ്രതി ഉത്രയോട് കാണിച്ച സ്‌നേഹവും കരുതലും കൂടിക്കൊണ്ടാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ഉത്രയുടെ മരണത്തിനിടയാക്കിയ പാമ്പുകടി സ്വാഭാവികമാണോ എന്നറിയാൻ സർപ്പശാസ്ത്രജ്ഞനായ മവീഷ് കുമാർ വനം വകുപ്പ് ഉദ്യോഗസ്ഥൻ മുഹമ്മദ് അൻവർ, വെറ്റിനറി സർജൻ ഡോ. കിഷോർകുമാർ, ഫോറൻസിക് മെഡിസിൻ തിരുവനന്തപുരം എം സി എച്ച് മേധാവി ഡോ. ശശികല എന്നിവരടങ്ങിയ എക്‌സ്‌പെർട്ട് കമ്മിറ്റി മരണത്തിനിടയാക്കിയ പാമ്പുകടി സ്വാഭാവികമല്ലെന്നും കൊലപാതകമാണെന്നും വസ്തുതകൾ പരിശോധിച്ച് കണ്ടെത്തിയിരുന്നു.
പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായ വാവ സുരേഷിനെയും ഇതേ വസ്തുതകൾ തെളിയിക്കാനായി കോടതിയിൽ വിസ്തരിച്ചു.
രണ്ടു കടികളേറ്റ അകലം പരിശോധിക്കുമ്പോഴും പാമ്പിനെ ആയുധമാക്കി എന്ന് വ്യക്തം. ഉത്ര മരണപ്പെട്ടത് അസ്വാഭാവികമായ പാമ്പുകടിയാലാണെന്ന് പ്രോസിക്യൂഷൻ നിസംശയം തെളിയിച്ചതായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിച്ചു.
സൂരജിനെ വിഡിയോ കോൺഫറൻസ് വഴിയാണ് വിചാരണയിൽ പങ്കെടുപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകരായ കെ ഗോപീഷ് കുമാർ, സി എസ് സുനിൽ എന്നിവരും ഹാജരായി. കേസിലെ തുടർവാദം അഞ്ചിന് നടക്കും.