കെഎസ്ആർടിസി ജീവനക്കാരുടെ ശന്പളവും സർവീസ് സംബന്ധമായ വിവരങ്ങളും ഇനി മുതൽ ജിസ്പാർക്ക് വഴി ഓൺലൈൻ ആയി ലഭ്യമാക്കും. കെഎസ്ആർടിസിയിലെ 27000 ത്തോളം ജീവനക്കാരുടെ അടിസ്ഥാന വിവരങ്ങൾ മുഴുവൻ കുറഞ്ഞ സമയത്തിനുള്ളിൽ ഉൾക്കൊള്ളിച്ച് ജിസ്പാർക്ക് സോഫ്റ്റ്വേറിൽ ശന്പളം നൽകുക എന്ന ദൗത്യമാണ് പൂർത്തീകരിച്ചത്.
സർക്കാർ ജീവനക്കാർക്ക് ലഭ്യമാകുന്നതു പോലെ ഇനി കെഎസ്ആർടിസി ജീവനക്കാർക്കും അവരുടെ ലീവ്, ശന്പളം, പിഫ് തുടങ്ങിയ എല്ലാ വിവരങ്ങളും ഇതോടുകൂടി വിരൽതുന്പിൽ ലഭ്യമാകും. ഓരോ ജീവനക്കാരനും സ്വന്തമായ യൂസർ ഐഡി ഉപയോഗിച്ച് പിഎഫ് സബ്സ്ക്രിപ്ഷൻ വിവരങ്ങൾ, ശന്പളബിൽ എന്നിവ കാണാനും കോപ്പി എടുക്കാനും സാധിക്കും.
കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം ജീവനക്കാരുടെ മുഴുവൻ വിവരങ്ങളും മാനേജ്മെൻറ് തല നയരൂപീകരണത്തിന് എളുപ്പത്തിൽ ലഭ്യമാകും. ഇതിനായി സോഫ്റ്റ്വേർ തയാറാക്കി പ്രവർത്തനസജ്ജമാക്കിയത് നാഷണൽ ഇൻഫർമാറ്റിക്സ് സെൻറർ, സ്പാർക്ക് എന്നിവരുടെ ശ്രമഫലമായാണ്.
ജി സ്പാർക്ക് നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ പൊതുമേഖല സ്ഥാപനവും, ഏറ്റവും വലിയ പൊതു മേഖല സ്ഥാപനവുമാണ് കെഎസ്ആർടിസി. കഴിഞ്ഞ ആറ് മാസമായി എൻഐസിയുടേയും കെഎസ്ആർടിസിയുടേയും ജീവനക്കാർ പരീക്ഷണാർഥം ഏപ്രിൽ മുതൽ നടത്തി വരുകയാണ്.