Thursday
18 December 2025
22.8 C
Kerala
HomeKerala‘വീട്ടുകാരെ വിളിക്കാം’ കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിക്കും: മന്ത്രി വീണാ ജോർജ്

‘വീട്ടുകാരെ വിളിക്കാം’ കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിക്കും: മന്ത്രി വീണാ ജോർജ്

 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് വീഡിയോ കോൾ വഴി വീട്ടിലേക്ക് വിളിക്കാൻ കഴിയുന്ന ‘വീട്ടുകാരെ വിളിക്കാം’ പദ്ധതി വിജയകരമായതിനെ തുടർന്ന് കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

പദ്ധതിയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ദിവസവും 30 ഓളം കോളുകളാണ് എത്തുന്നത്. ആശുപത്രിയിലെ രോഗികൾക്ക് തങ്ങളുടെ സുഖവിവരങ്ങൾ ബന്ധുക്കളെ നേരിട്ട് അറിയിക്കാനാകും.

ഇതിലൂടെ രോഗികളുടേയും ബന്ധുക്കളുടേയും ആശങ്ക പരിഹരിക്കാൻ സാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച ആരോഗ്യ വകുപ്പ് മന്ത്രിയാണ് പദ്ധതിയുടെ ലോഞ്ചിംഗ് നിർവഹിച്ചത്. 7994 77 1002, 7994 77 1008 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്താൽ വൈകുന്നേരം മൂന്നു മുതൽ വീട്ടുകാരെ തിരികെ വിളിക്കും.

കോവിഡ് രോഗികൾക്ക് വീട്ടിൽ വിളിക്കുന്നതിന് രണ്ട് നഴ്‌സുമാരെ വാർഡിൽ നിയമിച്ചിട്ടുണ്ട്. ഇവർ മൊബൈൽ ഫോൺ വാർഡിലെ രോഗികളുടെ അടുത്തെത്തിക്കുകയും വിളിക്കാൻ സഹായിക്കുകയും ചെയ്യും. പാവപ്പെട്ട രോഗികൾക്ക് ഇതേറെ അനുഗ്രഹമാണ്.

ഇതുകൂടാതെ മെഡിക്കൽ കോളേജിൽ കോവിഡ് കൺട്രോൾ ഹെൽപ്പ് ഡെസ്‌കും പ്രവർത്തിക്കുന്നുണ്ട്. ഇൻഫർമേഷൻ സെന്ററിലെ 0471 2528130, 31, 32, 33 എന്നീ നമ്പരുകളിൽ രാവിലെ 8 മുതൽ രാത്രി 8 മണിവരെ വിളിക്കുന്നവർക്ക് കോവിഡ് രോഗികളുടെ നിലവിലെ അവസ്ഥയെപ്പറ്റി അറിയാനാകും.

RELATED ARTICLES

Most Popular

Recent Comments