ജമ്മു വിമാനത്താവളത്തിൽ ഇരട്ട സ്‌ഫോടനം. സ്‌ഫോടന കാരണമെന്തെന്ന് വ്യക്തമല്ല. വിമാനത്താവളത്തിന്റെ ടെക്‌നിക്കൽ ഏരിയ ഭാഗത്താണ് സ്‌ഫോടനം നടന്നത്. ബോംബ് സ്‌ക്വാഡും ഫോറൻസിക് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തുന്നു. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിലാണ് സ്‌ഫോടനം നടന്നത്. അഞ്ച് മിനുട്ട ഇടവിട്ടുള്ള രണ്ട് സ്‌ഫോടനങ്ങളാണ് നടന്നത്.
രാവിലെ 1.50 നാണ് സ്‌ഫോടനം നടന്നത്. ഒരു സ്‌ഫോടനം കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നും രണ്ടാത്തേത് തറയിൽ നിന്നുമാണ് നടന്നത്. രണ്ട് പേർക്ക് പരിക്ക് പറ്റിയതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് വ്യോമ സേന അറിയിച്ചു.
ശ്രീനഗറിലും ജമ്മുവിലും സ്‌ഫോടനമുണ്ടാകുമെന്ന് സർവകക്ഷിയോഗം നടക്കുന്ന സമയത്ത് ഇന്റലിജൻസ് വിവരമുണ്ടായിരുന്നു. ഇതിന് പിന്നാലെ അതിശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. ഇത് ഭേദിച്ചാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. ഐഇഡി ഡ്രോണുകളിൽ എത്തിച്ചായിരുന്നു സ്‌ഫോടനം.
അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോംബ് സ്‌ക്വാഡ് പ്രദേശത്തെത്തി പരിശോധന ആരംഭിച്ചു. എൻഐഎ സംഘവും ഉടൻ സ്ഥലത്തെത്തും. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ സുരക്ഷ വർധിപ്പിച്ചു.