EXCLUSIVE…കരിപ്പൂർ സ്വർണ്ണക്കടത്ത്, രാമനാട്ടുകര അപകടത്തിന് പിന്നാലെ ലീഗ് നേതാക്കൾ മുങ്ങി

0
83

അനിരുദ്ധ്.പി.കെ

രാമനാട്ടുകരയിൽ കഴിഞ്ഞ ദിവസ്സം ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ, മരണപ്പെട്ടവരുടെ ക്രിമിനൽ പശ്ചാത്തലം നൽകിയ ദുരൂഹതയാണ് സംഭവത്തിന് പിന്നിലെ സ്വർണ്ണക്കടത്ത് സംഘങ്ങളുടെ പങ്ക് പുറത്ത് കൊണ്ട് വന്നത്. രാമനാട്ടുകര അപകടം അന്വേഷണം വിപുലമാക്കിയതോടെ ആസൂത്രിതമായ അപകടം ആയിരുന്നോ എന്നും, പിന്നിൽ പെരുമ്പാവൂർ സ്വദേശിയായ ഗുണ്ടാ നേതാവ് അനസ് പെരുമ്പാവൂരിനും സംഘത്തിനും ബന്ധമുണ്ടോ എന്നും സംശയം ഉയർന്നത്. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കവെയാണ് എസ് ഡി പി ഐ പ്രവർത്തകർക്ക് പുറമേ ലീഗ് നേതാക്കൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നത്. അന്വേഷണം ഊർജ്ജിതമായതോടെ, പട്ടാമ്പി സ്വദേശിയും പട്ടാമ്പി മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റനുമായ ലീഗ് നേതാവിനെ കാണാതായി. രാമനാട്ടുകര അപകടത്തെക്കുറിച്ചുള്ള കൂടുതൽ വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രാദേശിക ലീഗ് നേതാവ് സുഹൈൽ.കെ.ടിയുടെ തിരോധാനം. സുഹൈൽ.കെ.ടി യുടെ തിരോധാനം സ്വർണ്ണക്കടത്ത് സംഘത്തോടും, രാമനാട്ടുകര അപകടത്തോടുമുള്ള ലീഗ് ബന്ധം തെളിയിക്കുന്നതാണ്.

സ്വർണ്ണക്കടത്ത് സംഘത്തിൽ മുസ്ലിം ലീഗ് നേതാക്കൾക്ക് പങ്കുണ്ടെന്ന് ആക്ഷേപം ഉയർന്നിരുന്നു ഇതിന് പിന്നാലെയാണ് പട്ടാമ്പിയിലെ പ്രാദേശിക ലീഗ് നേതാക്കൾ മുങ്ങിയത്. സുഹൈലിനെ കൂടാതെ വൈറ്റ് ഗാർഡ് സഹപ്രവർത്തകനും ലീഗ് നേതാവുമായ സഫ്‌വാനും മുങ്ങിയിരിക്കുകയാണ്. രാമനാട്ടുകര സംഭവത്തിന് തൊട്ടടുത്ത ദിവസമാണ് ഇരുവരുടെയും തിരോധാനം. സുഹൈലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, ഫോൺ സ്വിച്ച് ഓഫ് ആണ്. സുഹൈലും സഫ്‌വാനും ചെറുപ്പുളശ്ശേരിയിലെ ഫൈസലുമായി ബന്ധം പുലർത്തിയിരുന്നവരാണോ എന്നും തിരോധാനത്തിന് പിന്നിൽ പിടിക്കപ്പെടും എന്ന ഭീതിയാണോ എന്നും സംശയമുണ്ട്. ഇരുവരുടെയും കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല എന്നും സുഹൃത്തുക്കൾ വ്യക്തമാക്കുന്നു. വൈറ്റ് ഗാർഡ് പ്രവർത്തനത്തിന്റെ മറവിൽ സ്വർണ്ണക്കടത്ത് സംഘങ്ങളെ സഹായിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

രാമനാട്ടുകര സംഭവത്തിന് മുന്നേ അനസ് പെരുമ്പാവൂരും, ചെറുപ്പുളശ്ശേരി സ്വദേശിയായ ഫൈസലും തമ്മിൽ കൂടിക്കാഴ്ച നടന്നതായും വ്യക്തമായിട്ടുണ്ട് . സംഘത്തിന് രാഷ്ട്രീയ പിൻബലം ഉണ്ടെന്ന് വ്യക്തമായതോടെ അന്വേഷണം കൂടുതൽ പഴുത്തടച്ചതാക്കി മുന്നോട്ട് പോകുകയാണ് പോലീസ്.