Wednesday
17 December 2025
26.8 C
Kerala
HomeWorldലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രം ഒരുക്കി ഖത്തർ

ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രം ഒരുക്കി ഖത്തർ

 

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ കേന്ദ്രം ഒരുക്കി ഖത്തർ . രാജ്യത്തെ കൊവിഡ് വിതരണം കൂടുതൽ ഊർജ്ജിതമാക്കുകയെന്ന ലക്ഷ്യത്തോടെ മിസൈമീറിലെ ഏഷ്യൻ ടൗണിലാണ് ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

ഖത്തറിലെ ബിസിനസ്, വ്യാവസായിക മേഖലയിലെ ജീവനക്കാർക്കു വേണ്ടി അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയ വാക്‌സിനേഷൻ കേന്ദ്രം പൊതുജനാരോഗ്യ മന്ത്രി ഹനാൻ മുഹമ്മദ് അൽ കുവാരി സന്ദർശിച്ചു.ബിസിനസ്, വ്യവസായ മേഖലയിലെ തൊഴിലാളികൾക്കു വേണ്ടിയുള്ളതാണ് പുതിയ വാക്‌സിനേഷൻ കേന്ദ്രമെന്ന് അധികൃതർ അറിയിച്ചു.

മൂന്ന് ലക്ഷം ചതുരശ്രമീറ്ററിൽ ഒരുക്കിയിരിക്കുന്ന ഖത്തർ വാക്‌സിനേഷൻ സെന്ററിൽ 300ലേറെ വാക്‌സിനേഷൻ സ്റ്റേഷനുകളും 700 ജീവനക്കാരുമുണ്ടാവും. ദിവസവും 25,000 ലേറെ ഡോസ് വാക്‌സിനുകൾ ഇവിടെ നിന്ന് നൽകാനാവും.

പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത്‌കെയർ കോർപറേഷൻ, ഖത്തർ ചാരിറ്റി, ഖത്തർ ആഭ്യന്തര മന്ത്രാലയം, കൊണോകോഫിലിപ്‌സ് ഖത്തർ എന്നിവയുടെ സഹകരണത്തോടെയാണ് ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ പുതിയ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്.

സ്ഥാപനങ്ങൾക്ക് QVC@hamad.qa എന്ന ഇമെയിൽ വഴി തങ്ങളുടെ ജീവനക്കാർക്ക് വേണ്ടി വാക്‌സിൻ ബുക്ക് ചെയ്യാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

പുതിയ കേന്ദ്രം തുറക്കുന്നതോടെ ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിലെ വാക്‌സിനേഷൻ കേന്ദ്രവും രണ്ട് ഡ്രൈവ് ത്രൂ വാക്‌സിനേഷൻ കേന്ദ്രങ്ങളും അടക്കും. ലുസൈലിലെ ഡ്രൈവ് ത്രൂ സെന്റർ ജൂൺ 23നും വക്‌റയിലേത് 30നുമാണ് സേവനം അവസാനിപ്പിക്കുക. പ്രധാനമായും അധ്യാപകർക്കും വിദ്യാർഥികൾക്കും വേണ്ടി ഒരുക്കിയിരുന്ന ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിലേത് ഈ മാസം 29ന് ആണ് അടക്കുക.

ഡ്രൈവ് ത്രൂ സെന്ററുകളിൽ നിന്ന് ഇതിനകം 3.2 ലക്ഷം പേരും നാഷനൽ കൺവെൻഷൻ സെന്ററിൽ നിന്ന് ആറ് ലക്ഷത്തിലേറെ പേരും ഇതിനകം വാക്സിൻ എടുത്തുകഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments