ഇന്ത്യയിൽ സെപ്‌തംബർ- ഒക്‌ടോബറോടെ മൂന്നാം കോവിഡ്‌ വ്യാപനം : ഐഐടി കാൺപുർ വിദഗ്‌ധർ

0
56

 

 

ഇന്ത്യയിൽ സെപ്‌തംബർ- ഒക്‌ടോബറോടെ മൂന്നാം കോവിഡ്‌ വ്യാപനം ഉണ്ടാകുമെന്ന് ഐഐടി കാൺപുരിലെ വിദഗ്‌ധർ. മൂന്നാം വ്യാപനം പാരമ്യത്തിലെത്തുന്നതിന്‌ മൂന്ന്‌ സാധ്യതയാണ്‌ പ്രൊഫ. രാജേഷ്‌ രഞ്‌ജൻ, മഹേന്ദ്ര ശർമ എന്നിവർ തയ്യാറാക്കിയ പഠനറിപ്പോർട്ടിലുള്ളത്‌.

ജൂലൈ പകുതിയോടെ രാജ്യം പൂർണമായും അൺലോക്ക്‌ ചെയ്യപ്പെട്ടാൽ ഒക്ടോബറോടെ മൂന്നാം തരംഗം അതിന്റെ പാരമ്യത്തിലെത്തും. എന്നാലിത്‌ രണ്ടാം വ്യാപനത്തിന്റെ പാരമ്യത്തോളം എത്തില്ല.

പക്ഷേ, വൈറസ്‌ വ്യതിയാനമാണ്‌ മൂന്നാം വ്യാപനത്തിന്‌ വഴിവയ്‌ക്കുന്നതെങ്കിൽ സെപ്‌തംബറോടെ ഏറ്റവും തീവ്രമായ തോതിലെത്തും. ഇത്‌ രണ്ടാം തരംഗത്തേക്കാൾ കൂടുതൽ തീഷ്‌ണമായിരിക്കും. കർക്കശ ഇടപെടലുകളുണ്ടായാൽ ഒക്‌ടോബർ അവസാനത്തോടെ മാത്രമായിരിക്കും മൂന്നാം വ്യാപനം പാരമ്യത്തിലെത്തുക. സാമൂഹ്യ അകലമടക്കമുള്ള നിയന്ത്രണങ്ങൾ പാലിച്ചാൽ രോഗവ്യാപനം തീഷ്‌ണമാകില്ലെന്നും ഐഐടി വിദഗ്‌ധർ പറയുന്നു.

മരണത്തിൽ 45 ശതമാനം കുറവ്‌

രാജ്യത്ത്‌ പ്രതിവാര കോവിഡ്‌ മരണം 45 ശതമാനം കുറഞ്ഞു. ജൂൺ 14 മുതൽ 20 വരെ ആഴ്‌ചയിൽ മരണം 14,000ൽ താഴെയാണ്‌. ഒമ്പത്‌ ആഴ്‌ചയ്‌ക്കുശേഷമാണ്‌ പ്രതിവാര മരണം 14,000ൽ കുറയുന്നത്‌. ജൂൺ 20ന്‌ അവസാനിച്ച ആഴ്‌ചയിൽ 13,886 പേരാണ്‌ മരിച്ചത്‌. തൊട്ട്‌ മുൻവാരം 25,058 ആയിരുന്നു.

20 പേരിൽ ഡെൽറ്റ പ്ലസ്‌

പുതിയ കോവിഡ്‌ വകഭേദമായ ഡെൽറ്റ പ്ലസ്‌ ഇന്ത്യയിൽ 20 പേരിൽ റിപ്പോർട്ട്‌ ചെയ്‌തതായി നാഷണൽ സെന്റർ ഫോർ ഡിസീസ്‌ കൺട്രോൾ ഡയറക്ടർ ഡോ. സുജീത്‌ സിങ്‌ അറിയിച്ചു. എട്ടെണ്ണം മഹാരാഷ്ട്രയിലാണ്‌. തമിഴ്‌നാട്‌, പഞ്ചാബ്‌, മധ്യപ്രദേശ്‌ എന്നിവിടങ്ങളിലും സ്ഥിരീകരിച്ചു. ബി.1.617.2 വൈറസ്‌ ഇനമാണ്‌ ഡെൽറ്റ. ഇതിൽ സംഭവിക്കുന്ന എവൈ.1 വ്യതിയാനമാണ്‌ ഡെൽറ്റ പ്ലസ്‌.

വാക്‌സിൻ വന്ധ്യതയ്‌ക്ക്‌ കാരണമാകില്ല: കേന്ദ്രം

കോവിഡ്‌ വാക്‌സിനുകൾ വന്ധ്യതയ്‌ക്ക്‌ കാരണമാകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം. സ്‌ത്രീകളിലും പുരുഷൻമാരിലും വാക്സിൻ വന്ധ്യതയ്‌ക്ക്‌ കാരണമാകില്ല. പോളിയോ അടക്കം നിലവിൽ ഉപയോഗിക്കുന്ന ഒരു വാക്‌സിനും വന്ധ്യത വരുത്തില്ല. സുരക്ഷയും കാര്യക്ഷമതയും പൂർണമായും ഉറപ്പുവരുത്തിയാണ്‌ വാക്‌സിനുകൾ നൽകി തുടങ്ങുന്നത്‌. മുലയൂട്ടുന്നവർക്കും വാക്‌സിൻ പൂർണമായും സുരക്ഷിതമാണ്‌. വാക്‌സിൻ എടുത്ത ശേഷമോ എടുക്കുന്നതിന്‌ മുമ്പായോ മുലയൂട്ടൽ നിർത്തിവയ്‌ക്കേണ്ടതുമില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.