ഭാര്യയുടെ പേരിൽ ബിവറേജും മാളും; ശമ്പളവിതരണത്തില്‍ കോടികള്‍ തട്ടിയ റെയില്‍വേ ക്ലർക്കിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ഉത്തർപ്രദേശിലെ മുഗൽസരായി ഡിവിഷനിൽ ബുക്കിങ് ക്ലർക്ക് ആയ കാൻപുർ സ്വദേശി ബാബു യുവരാജ് സിംഗ് കോടികൾ തട്ടിയെടുത്തത്.

0
152

ലഖ്‌നൗ: റെയിൽവേയിൽ ജീവനക്കാരുടെ ശമ്പള വിതരണത്തിനുവേണ്ടിയുള്ള സോഫ്റ്റ് വെയർ ദുരുപയോഗം ചെയ്തത് കോടികൾ തട്ടിയ റെയ്ൽവേ ക്ലർക്കിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. റെയിൽവേയിലെ ശമ്പളവിതരണത്തിനുള്ള ‘ഐ പാസ്’ എന്ന സോഫ്റ്റ് വെയർ ദുരുപയോഗം ചെയ്താണ് ഉത്തർപ്രദേശിലെ മുഗൽസരായി ഡിവിഷനിൽ ബുക്കിങ് ക്ലർക്ക് ആയ കാൻപുർ സ്വദേശി ബാബു യുവരാജ് സിംഗ് കോടികൾ തട്ടിയെടുത്തത്. കാൺപൂർ സ്വദേശിയായ ഇയാൾക്കുവേണ്ടി പൊലീസും റെയിൽവേ അധികൃതരും തെരച്ചിൽ ഊർജിതമാക്കി.

തട്ടിയെടുത്ത കോടികൾ കൊണ്ട് ബാബു യുവരാജ് ഭാര്യയുടെ പേരിൽ രണ്ട് ബിവറേജ് ഷോപ്പും ഒരു ഷോപ്പിങ് മാളും തുടങ്ങിയതായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. 2017 മുതൽക്കേ ഇയാൾ സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഏതാനും ആഴ്ചകൾ മുമ്പ് നാലര ലക്ഷം രൂപ മുടക്കി മകളുടെ ജന്മദിനാഘോഷം നടത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്നാണ് ബാബു യുവരാജിനെതിരെ അന്വേഷണം തുടങ്ങിയത്.

ഈ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സാമ്പത്തിക തട്ടിപ്പും ക്രമക്കേടും കണ്ടെത്തിയത്. ജീവനക്കാരുടെ ശമ്പള വിതരണത്തിന്റെ സോഫ്റ്റ് വെയറിലെ വ്യക്തിവിവരങ്ങൾ മാറ്റിയാൽ ജീവനക്കാരുടെ മൊബൈലിലേക്ക് ഒടിപി വരുന്ന സംവിധാനം ഉണ്ട്. കൂടാതെ ജീവനക്കാരുമായുള്ള സുപ്രധാന വിവരങ്ങൾ മാറ്റണമെങ്കിൽ ​ഗസറ്റഡ് ഉദ്യോ​ഗസ്ഥരുടെ അം​ഗീകാരവും ആവശ്യമാണ്. എന്നാൽ ബാബുരാജ് ഭാര്യയുടെ മൊബൈൽ നമ്പറിലേക്ക് ഒടിപി വരുന്ന തരത്തിലേക്ക് മാറ്റിയാണ് തട്ടിപ്പുകൾ ന‌ടത്തിയത്. ആറുവർഷം തുടർച്ചയായി ഒരേ തസ്തികയിൽ ഒരേ ഓഫീസിൽ ജോലിയിൽതുടർന്നത് തട്ടിപ്പിന് സഹായമായതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.

വിരമിച്ചവരുടെയും വിആർഎസ് എടുത്തവരുടെയും മരിച്ച ജീവനക്കാരുടെയും അക്കൗണ്ടുകളിലേക്കും പണം മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. മറ്റേതെങ്കിലും ഡിവിഷനുകളിൽ നിന്ന് പണം തട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ഇന്റേണൽ എൻക്വയറി കമ്മിറ്റി അംഗങ്ങൾ, റെയിൽവേ വിജിലൻസ് വിഭാഗം, റെയിൽവേയുടെ വകുപ്പുകളുമായി ബന്ധപ്പെട്ട കമ്മിറ്റികൾ, ആർപിഎഫ്, റെയിൽവേ പൊലീസ് എന്നിവയുടെ സഹായത്തോടെയാണ് അന്വേഷണം.