ഹോളി ദിവസം മുസ്ലിം വിഭാഗക്കാർ പുറത്തിറങ്ങരുത്; നിസ്‌കരിക്കേണ്ടവർക്ക്‌ വീട്ടിലിരുന്നാവാം: ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌

0
52

ഹോളി ദിവസം മുസ്ലിം വിഭാഗക്കാർ ജുമാ നിസ്‌കരിക്കാൻ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന്‌ ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി ആദിത്യനാഥ്‌. എല്ലാ വെള്ളിയും ജുമാ നിസ്‌കാരമുണ്ടെന്നും ഹോളി വർഷത്തിൽ ഒരിക്കലേ ഉള്ളെന്നും ആദിത്യനാഥ്‌ പറഞ്ഞു. റംസാൻ മാസത്തിലെ രണ്ടാം വെള്ളിയാഴ്‌ചയും ഹോളിയും ഇത്തവണ ഒന്നിച്ചായ സാഹചര്യത്തിൽ മുസ്ലിങ്ങൾ വീട്ടിനുള്ളിൽ ഇരിക്കണമെന്ന സംഭൽ ഡിഎസ്‌പി അനുജ്‌ ചൗധരിയുടെ വിവാദ പരാമർശത്തെ പിന്താങ്ങിയാണ്‌ ആദിത്യനാഥിന്റെ ഇങ്ങനെ പറഞ്ഞത്.

‘‘നിസ്‌കാരത്തിന്റെ സമയം നീട്ടിവയ്‌ക്കാം. സാധാരണപോലെ ഉച്ചയ്‌ക്ക്‌ ഒന്നരയ്‌ക്ക്‌ നിസ്‌കരിക്കേണ്ടവർക്ക്‌ വീട്ടിലിരുന്നാവാം. നിസ്‌കാരത്തിന്‌ മസ്‌ജിദിൽ പോകണമെന്ന്‌ നിർബന്ധമില്ല’’. ഇന്ത്യ ടുഡേ സംഘടിപ്പിച്ച പരിപാടിയിലാണ് ആദിത്യനാഥ്‌ ഇങ്ങനെ പറഞ്ഞത്.

സംഭലിൽ ഹോളി ആഘോഷങ്ങൾക്കുശേഷം പകൽ 2.30ന്‌ മുസ്ലിങ്ങൾക്ക്‌ നിസ്‌കാരത്തിന്‌ അവസരമൊരുക്കുമെന്ന്‌ പൊലീസ്‌ വിളിച്ചുചേർത്ത വിവിധ മതനേതാക്കളുടെ യോഗത്തിൽ പൊലീസ്‌ അറിയിച്ചിരുന്നു. അതിനിടെ, ലൗഡ്‌ സ്‌പീക്കറിലൂടെ വാങ്ക്‌ വിളിച്ചെന്ന്‌ ആരോപിച്ച്‌ സംഭലിൽ ഇമാമിനെതിരെ പൊലീസ്‌ കേസെടുത്തു. പഞ്ചാഭിയാൻ കോളനിയിലെ മസ്‌ജിദിലെ ഇമാം ഹാഫിസ്‌ ഷക്കീൽ ഷംസിക്കെതിരെയാണ്‌ ശബ്ദമലിനീകരണം ഉണ്ടാക്കിയെന്ന കുറ്റംചാർത്തിയത്‌.