കേരളത്തിലെ സിപിഐഎം ഘടകം കരുത്തുറ്റതാണെന്നും രാജ്യത്തെ ഏക ഇടതുഭരണമായ പിണറായി സർക്കാർ മാതൃകാപരമായാണ് പ്രവർത്തിക്കുന്നതെന്നും പൊളിറ്റ് ബ്യൂറോ അംഗവും കോ-ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട്. വർത്തമാനകാല സാഹചര്യത്തിൽ കേരളത്തിലെ പാർട്ടി ഘടകം രാജ്യത്തെ പാർട്ടി നയം നടപ്പിലാക്കുന്നതിൽ ഏറ്റവും മുൻപന്തിയിലാണ് നിൽക്കുന്നതെന്ന്. ബദൽ നയരൂപീകരണത്തിൽ കേരളത്തിലെ ഇടത് സർക്കാരും പ്രശംസ അർഹിക്കുന്നെന്നുവെന്നും അദ്ദേഹം കാരാട്ട് കൂട്ടിച്ചേർത്തു. സിപിഐ എം സംസ്ഥാന സമ്മേളനത്തിൻറെ ഭാഗമായുള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈരുധ്യം ശക്തിപ്പെടുകയാണെന്നാണ് കഴിഞ്ഞ പാർട്ടി കോൺഗ്രസ് വിലയിരുത്തിയത്. ഇത് കൂടുതൽ തീവ്രമാവുകയാണ്. സാമ്രാജ്യത്വ ആധിപത്യ രാഷ്ട്രം അമേരിക്ക തന്നെയാണെന്നാണ് ട്രംപ് പ്രഖ്യാപിക്കുന്നത്. അമേരിക്കയെ വീണ്ടും മഹത്തരമാക്കണമെന്ന് ട്രംപ് പറയുമ്പോൾ അത് അമേരിക്കയ്ക്ക് പഴയ ആധിപത്യമില്ലെന്ന് തുറന്നുസമ്മതിക്കുകയാണെന്നും കാരാട്ട് കൂട്ടിച്ചേർത്തു. യഥാർഥത്തിൽ ട്രംപ് ചെയ്യുന്നത് 19-ാം നൂറ്റാണ്ടിലെ പ്രാകൃത സാമ്രാജ്യത്വത്തിന്റെ രീതികളാണ്. കൂടുതൽ അതിരുകൾ വിപുലപ്പെടുത്തുക, കാനഡയെ അമേരിക്കയുടെ 55-ാമത് സംസ്ഥാനമാക്കുമെന്ന പ്രഖ്യാപനം, ഗാസ മുനമ്പ് വിട്ടുതന്നാൽ റിസോർട്ടാക്കുമെന്ന പ്രഖ്യാപനം എന്നിവയെല്ലാം പ്രാകൃത കാലഘട്ടത്തിന്റെ ആധിപത്യത്തിന്റെ തനിയാവർത്തനമാണ്. ‘
ഒരു വശത്ത് അമേരിക്കയും സഖ്യശക്തികളും മറുവശത്ത് ജനകീയജനാധിപത്യ ചൈനയും എന്ന രൂപത്തിൽ പ്രതിഫലനം കാണാം. ചൈനയെ വളയുക, ദുർബലപ്പെടുത്തുക, ഒറ്റപ്പെടുത്തുക എന്ന പ്രധാന രാഷ്ട്രീയ തന്ത്രത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ് സാർവദേശീയ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നത്. ഈ രീതിയെ ട്രംപ് ശക്തമാക്കുന്നു. അതാണ് ചൈനീസ് ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ ചുങ്കം. ഇത് വ്യാപാര യുദ്ധങ്ങൾക്ക് കാരണമാകുമെന്നും കാരാട്ട് പറഞ്ഞു.
അതേസമയം 24-ാം പാർട്ടി കോൺഗ്രസ് നിശ്ചയിച്ച് തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകികൊണ്ടിരുന്ന പാർട്ടിയുടെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിടവാങ്ങിയതെന്നും യെച്ചൂരിയുടെ നഷ്ടം നികത്താനാവാത്തതാണെന്നും പ്രകാശ് കാരാട്ട് അനുസ്മരിച്ചു. കോടിയേരിയുടെ നഷ്ടവും നികത്താനാവാത്തതാണ്. ഈ അപരിഹാര്യമായ നഷ്ടങ്ങളെ പാർട്ടി കൂട്ടായി നേരിട്ടെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.