കടംപെരുകി ജീവിതം വഴിമുട്ടി; താൻ ഇല്ലാതെ അവരും ജീവിക്കേണ്ട; വിചിത്ര ന്യായീകരണങ്ങളുമായി വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാൻ

0
110

ചെയ്ത കൊലപാതകങ്ങളെ ന്യായീകരിക്കാൻ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ നിരത്തുന്നത് അതിവിചിത്രമായ കാരണങ്ങൾ. കടം കാരണം ജീവിക്കാൻ കഴിയാതെ വന്നതോടെയാണ് അമ്മയേയും അനുജനേയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തി ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് അഫാൻറെ മൊഴി. അമ്മയ്ക്കും അനുജനും താനില്ലാതെ ജീവിക്കാനാകില്ലെന്ന് തോന്നിയതുകൊണ്ടാണ് അവരെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും തൻറെ മരണശേഷം ഫർസാനയെ എല്ലാവരും കുറ്റപ്പെടുത്തുകയും തനിച്ചാക്കുകയും ചെയ്യുമെന്ന ഭയമായിരുന്നു അവളെ കൊലപ്പെടുത്താൻ കാര​ണമെന്നും അഫാൻ പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സഹായിച്ചില്ലെന്നതായിരുന്നു മുത്തശ്ശി സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്താൻ കാരണം. പണം കടം വാങ്ങി ധൂർത്തടിക്കുന്നുവെന്ന പേരിൽ ലത്തീഫ് അഫാനെ വഴക്കുപറയുകയും ഉപദേശിക്കുകയും ചെയ്തു. ഒന്നരലക്ഷം രൂപ ലത്തീഫ് നൽകിയിരുന്നു. എന്നാൽ കൂടുതൽ ചോദിച്ചെങ്കിലും നൽകിയില്ല. ഇതെല്ലാം ലത്തീഫിനോടുള്ള പകയ്ക്ക് കാരണമായി. ഫർസാനയുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കാൻ ഉപ്പയുടെ ചേട്ടൻ ലത്തീഫ് വീട്ടിൽ വന്നതും പലതുംപറഞ്ഞ് പരിഹസിച്ചതും ദേഷ്യം വർധിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടെ വിവാഹം കഴിച്ചാൽ എങ്ങനെ ജീവിക്കുമെന്ന് ലത്തീഫ് ചോദിച്ചു. വിവാഹത്തിനുശേഷം തന്നെയും ഫർസാനയെയും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് ഉപ്പയുടെ സ്ഥാനത്തുനിന്ന് ലത്തീഫല്ലേ എന്നതായിരുന്നു അഫാന്റെ സംശയം. ആ ഉത്തരവാദിത്തം ലത്തീഫ് ഏറ്റെടുക്കാൻ തയ്യാറാകാത്തതാണ് കൊലപ്പെടുത്താൻ കാരണമെന്ന് അഫാൻ പറഞ്ഞു.

‌അതേസമയം ഡോക്ടർമാരുടെ അനുമതി ലഭിച്ചാൽ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്റെ നീക്കം. മെഡിക്കൽ കോളേജിൽ വച്ചുതന്നെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. തുടർന്ന് മജിസ്ട്രേട്ടിനെ ആശുപത്രിയിലെത്തിച്ച് പ്രതിയെ റിമാൻഡ് ചെയ്ത് ആശുപത്രിയിൽ തന്നെ തുടരാനും സാധ്യതയുണ്ട്. ഇന്നും മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.  അഫാൻറെ ഗൂഗിൽ സെർച്ച് ഹിസ്റ്ററി പരിശോധിക്കാൻ സൈബർ പൊലീസിന് കത്ത് നൽകിയിട്ടുണ്ട്. ആത്മഹത്യക്ക് വഴി തേടി ഗൂഗിളിൽ സെർച്ച് ചെയ്തിരുന്നുവെന്ന അഫാൻറെ മൊഴി സ്ഥിരീകരിക്കാനാണിത്. അഫാൻറെയും ഷെമിയുടെയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനക്കായി അയച്ചിട്ടുണ്ട്.