ഡിനോ ഡെന്നിസ് സംവിധാനം മമ്മുട്ടി ചിത്രം ബസൂക്കയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മമ്മൂട്ടി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ഈ മാസം 14 ന് റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തിയതി ഏപ്രിൽ 10 ലേക്ക് മാറ്റുകയായിരുന്നു. മമ്മൂട്ടിയുടെ ഒരു സംഘട്ടന രംഗം കാണിച്ചു കൊണ്ടുള്ളതാണ് പുതിയ പോസ്റ്റർ. റോഡിൽ വച്ചുള്ള ആക്ഷൻ രംഗങ്ങളാണ് പോസ്റ്ററിൽ കാണാനാവുക. സിനിമ റിലീസ് ചെയ്യുന്നതിന് 50 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത് എന്നും പോസ്റ്റിനൊപ്പം അണിയറപ്രവർത്തകർ കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന കളങ്കാവലിന്റെ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. ക്രൂരമായ നെഗറ്റീവ് ഭാവത്തോടെയായിരുന്നു പോസ്റ്ററിൽ മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല കളങ്കാവലിൽ വില്ലൻ സ്വഭാവമുള്ള കഥാപാത്രത്തെയാകും മമ്മൂട്ടി അവതരിപ്പിക്കുക എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
നടൻ ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാർഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.