ചൂരൽമല പാലം കൂടുതൽ ദൃഢമായി വീണ്ടും നിർമിക്കും: 35 കോടിയുടെ പദ്ധതിക്ക്‌ അംഗീകാരം

0
25

വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്ന് പൂർണമായും നശിച്ച ചൂരൽമല പാലം കൂടുതൽ ദൃഢമായി വീണ്ടും നിർമിക്കാനുള്ള പദ്ധതി ആരംഭിക്കുന്നതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി 35 കോടി രുപയുടെ പദ്ധതി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചൂരൽമല ടൗണിൽനിന്ന് മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന വഴിയിൽ പാലം നിർമിക്കും. മേപ്പാടിയെ മുണ്ടക്കൈയും അട്ടമലയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായാണ് പുതിയ പാലം പണിയുന്നത്. ഭാവിയിൽ സമാനമായ അപകടങ്ങൾ നേരിടാൻ കഴിവുള്ള രീതിയിലായിരിക്കും പാലത്തിന്റെ നിർമാണം.

കഴിഞ്ഞ ദുരന്തസമയത്ത് പുഴയിൽ ഉണ്ടായ ഉയർന്ന വെള്ളത്തിന്റെ തോത് പരിശോധിച്ച്, അതിനെക്കാൾ കൂടുതൽ ഉയരത്തിൽ പാലം നിർമിക്കും. പഴയ പാലത്തിനേക്കാൾ കൂടുതൽ ഉയരവും പുതിയ പാലത്തിനുണ്ടാവും. പാലത്തിന്റെ മൊത്തം നീളം 267.95 മീറ്ററായിരിക്കും. ഇതിൽ പുഴയുടെ മുകളിലായി 107 മീറ്ററും, ഇരു തീരങ്ങളിലായി ഓരോ 80 മീറ്ററും ഉൾപ്പെടും. പാലത്തിന്റെ ഉയരം വർദ്ധിപ്പിക്കുന്നതിനാൽ ഇരു തീരങ്ങളിലും 80 മീറ്റർ നീളത്തിൽ അധിഷ്ഠാനം നിർമിക്കും. വെള്ളത്തിനുള്ളിൽ തൂണുകൾ ഒഴിവാക്കി, കരകളിലായി മാത്രമാണ് പാലത്തിന്റെ അടിസ്ഥാനം ഒരുക്കുക. കഴിഞ്ഞ വർഷം ജൂലൈ 30-ന് ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും കാരണം പാലം തകർന്നിരുന്നു.