ഒളിമ്പിക് മാതൃകയിൽ കൊച്ചിയിൽ നടത്തിയ കേരള സ്കൂൾ കായിക മേളയെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അഭിനന്ദിച്ചു. സവിശേഷ ആവശ്യങ്ങളുള്ള കുട്ടികളെയും ഉൾപ്പെടുത്തി ഇൻക്ലൂസീവ് സ്പോർട്സ് പരിപാടികളോടെ നടത്തിയ ഈ കായിക മേളയെ മറ്റുള്ളവർക്കും മാതൃകയാക്കണമെന്ന് കേന്ദ്ര മന്ത്രാലയം നിർദ്ദേശിച്ചു.
സമഗ്ര വിദ്യാഭ്യാസത്തിലും സാമൂഹിക പുരോഗതിയിലും കേരളം എല്ലായ്പ്പോഴും മുന്നിൽ നിൽക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഒളിമ്പിക് മാതൃകയിലുള്ള ചട്ടക്കൂട് സ്വീകരിക്കുകയും ഭിന്നശേഷിയുള്ള കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്ത് വിദ്യാഭ്യാസത്തിലും കായികരംഗത്തും തുല്യത പ്രോത്സാഹിപ്പിക്കുന്നതിൽ കേരളം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഈ അംഗീകാരം കേരളം നടത്തിയ പരിപാടിയുടെ പ്രാധാന്യം ഊന്നിപ്പറയുന്നു. ജാതി, മതം, വംശം, കഴിവ് തുടങ്ങിയ വ്യത്യാസങ്ങൾ പരിഗണിക്കാതെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസവും പാഠ്യേതര അവസരങ്ങളും ലഭ്യമാക്കുക എന്നതാണ് കേരളത്തിന്റെ വിശാലമായ ദർശനം. ഇത് കൂടുതൽ സമഗ്രമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള കേരളത്തിന്റെ നിരന്തര പുരോഗതിയുടെ ഉജ്ജ്വലമായ ഉദാഹരണമാണ്. മറ്റ് സംസ്ഥാനങ്ങൾക്ക് അനുകരിക്കാവുന്ന ഒരു മാതൃക കേരളം വീണ്ടും സൃഷ്ടിച്ചിരിക്കുന്നുവെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.