സംസ്ഥാനതലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആന്റി റാഗിങ് സംവിധാനമൊരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ ക്യാമ്പസുകളിൽ റാഗിങ് കേസിലും ആന്റി റാഗിങ് സെൽ ഉടനടി നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ സംഭവത്തിൽ റിപ്പോർട്ടും തേടിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ആന്റി റാഗിങ് സെല്ലുകൾ സജീവമായി പ്രവർത്തിക്കണമെന്ന് നിരന്തരം നിർദ്ദേശം നൽകാറുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെല്ലാം ആന്റി റാഗിങ് സെല്ലുകൾ പ്രവൃത്തിക്കുന്നുണ്ട്. റാഗിങ് എന്ന കുറ്റകൃത്യത്തെകുറിച്ച് മാധ്യമങ്ങൾ കൂടുതൽ ബോധവത്കരണം നടത്തുന്നത് ഗുണകരമാണ്.
ഏതെങ്കിലും തരത്തിൽ ഒരു ദുരനുഭവം വിദ്യാർത്ഥിക്ക് ക്യാമ്പസിൽ ഉണ്ടായാൽ അത് ആന്റി റാഗിങ് സെല്ലിനോടോ, അധ്യാപകരോടോ പ്രിൻസിപ്പലിനോടോ തുറന്നു പറയാനോ വിദ്യാർത്ഥികൾ തയ്യാറാകണം. ഇതിനായി വലിയ ബോധവത്ക്കരണം വിദ്യാർത്ഥികൾക്ക് നൽകേണ്ടതുണ്ട്. സംസ്ഥാനതലത്തിൽ റാഗിങ് വിരുദ്ധ സംവിധാനം ഒരുക്കും. എല്ലാ ക്യാമ്പസുകളിലും ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈകൊള്ളുന്നതിനും ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളെ ഉൾപ്പെടുത്തി പ്രിൻസിപ്പൽമാരുടെ ഒരു യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.