വിഖ്യാത ചലചിത്രം ടൈറ്റാനിക്കിലൂടെ ശ്രദ്ധ നേടിയ നടി കേറ്റ് വിൻസ്ലെറ്റ് സംവിധായികയാകുന്നു. നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്ന ‘ഗുഡ്‌ബൈ ജൂണി’ലൂടെയാണ് കേറ്റ് സംവിധാനത്തിലേക്ക് കടക്കുന്നത്. സംവിധാനം, അഭിനയം എന്നിവയ്ക്ക് പുറമെ ചിത്രത്തിന്റെ നിർമാണത്തിലും കേറ്റ് പങ്കാളിയാകുമെന്നാണ് റിപ്പോർട്ടുകൾ.
ഒരു പ്രതിസന്ധി ഘട്ടത്തിൽ ഒരുമിച്ച് നിൽക്കേണ്ടി വരുന്ന ഒരുകൂട്ടം സഹോദരങ്ങളുടെ കഥയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ചിത്രത്തിന്റെ പ്രൊഡക്ഷൻ വർക്കുകൾ യുകെയിൽ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
ടോണി കൊളറ്റ്, ജോണി ഫ്ലിൻ, ആൻഡ്രിയ റൈസ്ബറോ, തിമോത്തി സ്പാൽ, ഹെലൻ മിറൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കേറ്റ് വിൻസ്ലെറ്റിന്റെയും മുൻ ഭർത്താവ് സാം മെൻഡിസിന്റെയും മകനായ ജോ ആൻഡേഴ്‌സാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. കേറ്റ് സോളമൻ ആണ് ചിത്രത്തിന്റെ സഹനിർമാതാവ്.
ആഗോളശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ഹോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് കേറ്റ് വിൻസ്ലെറ്റ്. 2009ൽ ‘ദി റീഡർ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഓസ്‌കാർ പുരസ്‌കാരവും കേറ്റിന് ലഭിച്ചു. ഈയടുത്ത് ‘The Regime’ എന്ന സീരിസിലെ പ്രകടനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിലേക്ക് കേറ്റിന്റെ പേര് നാമനിർദേശം ചെയ്യപ്പെടുകയും ചെയ്തു. രണ്ടാംലോക മഹായുദ്ധക്കാലത്തെ പ്രമുഖ ഫോട്ടോഗ്രാഫറായ ലീ മില്ലറുടെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങിയ ‘ലീ’ എന്ന ചിത്രത്തിലും കേറ്റ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചു.