ചെറിയ തുകയിൽ കുടുതൽ ഡാറ്റ ഉറപ്പാക്കുന്ന പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. 90 ദിവസം വാലിഡിറ്റിയുള്ള 411 രൂപയുടെ പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. പ്ലാനിൻറെ ഭാഗമായി ദിവസവും രണ്ട് ജിബി അതിവേഗ ഡാറ്റയും അൺലിമിറ്റഡ് കോളും ലഭിക്കും. മൂന്ന് മാസ കാലയളവിലേക്ക് സാമ്പത്തികമായി ഏറ്റവും മെച്ചപ്പെട്ട പ്ലാനാണിത്. പ്ലാൻ പരിധി കഴിഞ്ഞാൽ ഇൻറർനെറ്റ് വേഗം 40 കെബിപിഎസ് ആയി കുറയും.
രാജ്യത്ത് അതിവേഗം 4ജി വിന്യാസവുമായി മുന്നോട്ടുപോവുകയാണ് ബിഎസ്എൻഎൽ. ഒരു ലക്ഷം 4ജി സൈറ്റുകൾ ലക്ഷ്യമിടുന്ന ബിഎസ്എൻഎൽ ഇതിനകം 65,000ത്തിലേറെ എണ്ണം പൂർത്തിയാക്കി. ഈ വർഷം പകുതിയോടെ ഒരു ലക്ഷം 4ജി ടവറുകൾ തികയുമെന്നാണ് സ്ഥാപനം പ്രതീക്ഷിക്കുന്നത്.
2007ന് ശേഷം ആദ്യമായി ബിഎസ്എൻഎൽ ലാഭത്തിലെത്തിയത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ചിലവ് ചുരുക്കിയും പുത്തൻ സേവനങ്ങളൊരുക്കിയും ഉപഭോക്താകളെ ആകർഷിച്ചുകൊണ്ടാണ് ബി എസ് എൻ എൽ ലാഭത്തിലേക്ക് ചുവടുവെച്ചത്. നടപ്പു സാമ്പത്തിക വർഷത്തിൻറെ മൂന്നാം പാദത്തിലാണ് 262 കോടി രൂപയുടെ ലാഭം നേടാൻ കമ്പനിക്ക് സാധിച്ചത്.
17 വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയതലത്തിൽ ലാഭം കൈവരിക്കുന്നതിൽ നിർണായക സംഭാവനയാണ് സ്ഥാപനത്തിന്‍റെ കേരള സർക്കിൾ നൽകിയത്. ഇക്കഴിഞ്ഞ ഒക്ടോബർ – ഡിസംബർ ത്രൈമാസ കാലയളവിൽ രാജ്യത്ത് നേടിയ ലഭാത്തിന്റെ മൂന്നിലൊന്നും സംഭാവന ചെയ്തത് കേരളമാണ്. കഴിഞ്ഞ വർഷവും ലാഭം രേഖപ്പെടുത്തിയ ബിഎസ്എൻഎൽ കേരള സർക്കിളിന്റെ നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ഒൻപത് മാസത്തെ ലാഭം 100 കോടി രൂപ മറികടന്നിരുന്നു.