രാജ്യത്തിന് മാതൃകയാവുകയാണ് കാൻസർ പ്രതിരോധവുമായി ബന്ധപ്പെട്ട് കേരളം ആരംഭിച്ച ‘ആരോഗ്യം ആനന്ദം -അകറ്റാം അർബുദം’ കാമ്പയിൻ. ക്യാമ്പയിനുമായി ബന്ധപ്പെട്ട് 30 വയസ്സ് കഴിഞ്ഞ സ്ത്രീകളിലെ സ്തന-ഗർഭാശയഗള കാൻസർ നിർണയിക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് നടത്തുന്ന സ്‌ക്രീനിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ക്യാമ്പയിന്‍ ആരംഭിച്ച് 10 ദിവസം പിന്നിട്ടപ്പോൾ സർക്കാർ ആശുപത്രികളിൽ മാത്രം 1.11 ലക്ഷം സ്ത്രീകൾ പരിശോധനനടത്തി. ഇതിൽ 5245 പേർക്ക് തുടർപരിശോധന നിർദേശിച്ചു.
പരിശോധന പൂർത്തിയാക്കിയവരിൽ 20 പേർക്ക് സ്തനാർബുദവും ഏഴുപേർക്ക് ഗർഭാശയഗള കാൻസറും സ്ഥിരീകരിച്ചിട്ടുണ്ട്. ലക്ഷത്തിലധികം സ്ത്രീകളാണ് രോഗമില്ലെന്ന ആശ്വാസവുമായി മടങ്ങിയത്. പി.എച്ച്.സി.മുതൽ മുകളിലോട്ടുള്ള ആരോഗ്യകേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. സ്വകാര്യ ആശുപത്രികളടക്കം 1322 ആരോഗ്യസ്ഥാപനങ്ങൾ പദ്ധതിയിൽ പങ്കാളികളാണ്. മാർച്ച് നാലുവരെയാണ് കാമ്പയിൻ.