മനുഷ്യ-വന്യജീവി സംഘർഷം; 10 മിഷനുകൾക്ക് രൂപം നൽകി വനം വകുപ്പ്

0
13

2025 ഫെബ്രുവരി 12 ന് വനം ആസ്ഥാനത്തു വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും വനം മേധാവിയും പങ്കെടുത്ത ഉന്നതതല യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ.

സംസ്ഥാനത്തു വന്യജീവി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കാടു പിടിച്ചു കിടക്കുന്ന എസ്റ്റേറ്റുകളുടെ ഉടമകൾക്ക് അടിയന്തരമായി കാടു നീക്കം ചെയ്യാൻ നോട്ടീസ് നൽകുന്നതിന് തീരുമാനിച്ചു.

വനത്തിലൂടെ കടന്നു പോകുന്ന റോഡുകൾക്കിരുവശവും അടിക്കാടുകൾ വെട്ടി തെളിച്ചു വിസ്ത ക്ലീയറൻസ് നടത്തുന്നതിന് നിർദേശം നൽകി. വേനൽകാലത്തു വന മേഖലയിലൂടെ യാത്ര ചെയ്യുന്നവരും വനത്തിനടുത്തു താമസിക്കുന്നവരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെ സംബംന്ധിച്ചു ബോധവത്കരണം നടത്തുന്നതിന് യോഗത്തിൽ തീരുമാനിച്ചു.

ജനവാസ മേഖലകൾക്ക് അരുകിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിന് റിയൽ ടൈം മോണിറ്ററിങ് സംവിധാനം ഏർപെടുത്തുന്നത്തിനും യോഗത്തിൽ തീരുമാനിച്ചു.

സംസ്ഥാനത്തു പ്രവർത്തിച്ചു വരുന്ന 28 റാപിഡ് റെസ്‌പോൺസ് ടീമുകൾക്ക് ആധുനിക ഉപകാരങ്ങളും സംവിധാനങ്ങളും ലഭ്യമാക്കുന്നതിന് SDMA ക്ക് സമർപ്പിച്ച പ്രൊപ്പോസലിന്മേൽ അടിയന്തരമായി തുടർ നടപടി ത്വരിതപ്പെടുത്തും.

വനങ്ങളിലൂടെ കടന്നുപോകുന്ന പാതകളിൽ രാത്രിയാത്ര നടത്തുന്നവർക്ക് ജാഗ്രത നിർദേശം നൽകും.

യോഗത്തിൽ മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള താഴെ പറയുന്ന മിഷനുകൾ അവതരിപ്പിച്ചു.

Mission Real Time Monitoring
സംസ്ഥാനത്തെ എല്ലാ ഡിവിഷനുകളിലെയും ആനത്താരകൾ, വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകൾ എന്നിവ തുടർച്ചയായി നിരീക്ഷിക്കുകയും വന്യമൃഗങ്ങളുടെ നീക്കം മുൻ കൂട്ടിയറിഞ്ഞ് പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യും. ഈ പദ്ധതിയുടെ നോഡൽ ഓഫീസറായി ശ്രീ. മനു സത്യൻ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററെ നിയമിച്ചിട്ടുണ്ട്.

Mission Primary Response Teams

സംസ്ഥാനത്തെ മനുഷ്യ – വന്യജീവി സംഘർഷ പ്രശ്‌നങ്ങളിൽ സമയ ബന്ധിത ഇടപെടൽ ഉറപ്പ് വരുത്തുന്നതിനായി Primary Voluntary Response ടീമുകൾ (സന്നദ്ധ പ്രതികരണ സേന) രൂപീകരിക്കും. ആർ.ആർ.ടികൾ സംഘർഷ പ്രദേശങ്ങളിൽ എത്തിച്ചേരുന്നതിനു മുൻപ് തന്നെ ഈ ടീമുകൾ സംഘർഷപ്രദേശത്ത് അടിയന്തിരമായി എത്തിച്ചേരുകയും പ്രശ്‌നപരിഹാരത്തിനാവശ്യമായ പ്രാഥമിക നടപടികൾ സ്വീകരിക്കുകയും ചെയ്യും. സംഘർഷ ലഘൂകരണത്തിനായി State Bio Diversity Board, SDMA, SARPA, പഞ്ചായത്തുകൾ എന്നിവരുടെ സഹായം തേടും. ഫോറസ്റ്റ് കൺസർവേറ്റർ ശില്പ വി. കുമാർ ഐ.എഫ്.എസ്., ആയിരിക്കും ഈ മിഷന്റെ ചുമതല. അസി. ഫോറസ്റ്റ് കൺസർവേറ്റർമാരായ സുനിൽ സഹദേവൻ (സതേൺ റീജിയൺ), ജോൺ മാത്യു (സെൻട്രൽ റീജിയൺ), ശിവപ്രസാദ് ഈസ്റ്റേൺ റീജിയൺ), രതീശൻ വി. (നോർത്തേൺ റീജിയൺ) എന്നിവരെ റീജിയണൽ നോഡൽ ഓഫീസർമാരായി നിയമിച്ചു.

Mission Tribal Knowledge

കേരളത്തിലെ 36 ഗോത്ര സമൂഹങ്ങൾ മനുഷ്യ-വന്യമൃഗ സംഘർഷ ലഘൂകരണത്തിന് സ്വീകരിച്ചുപോന്ന പരമ്പരാഗത അറിവുകൾ ശേഖരിക്കുന്നതിന് വനം വന്യജീവി വകുപ്പ് കേരള വന ഗവേഷണ കേന്ദ്രവുമായി ചേർന്ന് തുടക്കമിടുന്നു. ഇതിലൂടെ മനുഷ്യ-വന്യജീവി സംഘർഷത്തിൽ ഗോത്ര സമൂഹങ്ങളുടെ ജീവനാശം ഒഴിവാക്കുന്നതിനായി അവരുടെതായ തനതു രീതികൾ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമവും അതിലെ ഫലപ്രാപ്തിയുടെ ശാസ്ത്രീയ പരിശോധനയും സാധ്യമാവും എന്നാണ് കരുതുന്നത്. പട്ടിക വർഗ്ഗ വകുപ്പിന്റെ കൂടി സഹകരണത്തോടെയാണ് നടപ്പിലാക്കുക.

സംസ്ഥാനത്ത് സാധ്യമായ സ്ഥലങ്ങളിൽ ഇത്തരം അറിവുകൾ നൽകാൻ പ്രാപ്തമായ വിവിധ ഗോത്ര വർഗ്ഗത്തിലുള്ള ആളുകളെ സംഘടിപ്പിച്ച് ഇത്തരം അറിവുകളെ ശേഖരിക്കും. തുടർന്ന് ഇവയിൽ പ്രധാനപ്പെട്ടതും എളുപ്പം സാധ്യമാവുന്നതുമായ പ്രവർത്തികളെ സംസ്ഥാനത്ത് വിവിധ പ്രദേശത്ത് നടപ്പാക്കാൻ കഴിയുമോ എന്നും പഠനം നടത്തും.

ഇതോടനുബന്ധിച്ച് വരുന്ന ആറ് മാസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. വന്യമൃഗങ്ങളുടെ സാന്നിധ്യം അറിയുന്നതിനുള്ള മാർഗ്ഗം, അവയെ ഉൾക്കാടുകളിലേക്ക് അയക്കുന്നതിനുള്ള വിവിധ പ്രവർത്തികൾ, മൃഗങ്ങൾ നാട്ടിലേക്ക് കൂടുതൽ വരുന്ന സമയം, അവ ഒരു സ്ഥലത്ത് നില നിൽക്കുന്ന കാലയളവ്, മൃഗങ്ങളുടെ ഭക്ഷ്യ സമ്പ്രദായത്തിലെ മാറ്റങ്ങൾ തുടങ്ങി നിരവധി അറിവുകളെയാണ് ഈ ശില്പശാലകളിലൂടെ തേടുന്നത്. ഈ പദ്ധതിയുടെ നോഡൽ ഓഫീസറായി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ രാജു.കെ ഫ്രാൻസിസ് ഐ.എഫ്.എസ് നെ നിയമിച്ചിട്ടുണ്ട്.

മിഷൻ ഫുഡ്, ഫോഡർ & വാട്ടർ

വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്ക് ആകർഷിക്കപ്പെടുന്നത് ഒഴിവാക്കുന്ന തിനും, അവയ്ക്ക് ആവശ്യമായ ജല-ഭക്ഷണ ലഭ്യത വനത്തിനുള്ളിൽ തന്നെ ഉറപ്പുവരുത്തുന്നതിനുമായി വനംവകുപ്പ് ”മിഷൻ ഫുഡ്, ഫോഡർ & വാട്ടർ” പദ്ധതി ആരംഭിക്കുന്നു. വനാന്തരങ്ങളിലെ കുളങ്ങളും ചെക്ക്ഡാമുകളും മറ്റു ജലസംഭരണി കളും സംഭരണശേഷി വർധിപ്പിക്കുന്നതിനുള്ള പണികൾ നടത്തി വന്യജീവികൾക്ക് ജലലഭ്യത ഉറപ്പാക്കുകയും, വനമേഖലകളിൽ പടർന്ന് പിടിച്ചിട്ടുള്ള അധിനിവേശ സസ്യങ്ങളെ ഉന്മൂലനം ചെയ്തും തദ്ദേശീയ ഫലവൃക്ഷങ്ങളുടെ വ്യാപനത്തെ പ്രോത്സാഹിപ്പിച്ചും ഭക്ഷണലഭ്യത ഉറപ്പുവരുത്തി വന്യമൃഗങ്ങളെ വനാന്തരങ്ങളിൽ തന്നെ നിലനിർത്തുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യം.

തദ്ദേശീയ ജനതയുടെയും എൻ.ജി.ഒ.കളുടെയും പിന്തുണയോടെയും പങ്കാളിത്തത്തോടെയുമാണ് വിവിധ പ്രവൃത്തികൾ നടപ്പാക്കുന്നത്. ഇതിന്റെ നോഡൽ ഓഫീസറായി ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വിനോദ്കുമാർ ഐ.എഫ്.എസ്. നെ നിയമിച്ചിട്ടുണ്ട്.

Mission Bonnet Macaque

കേരളത്തിലെ പല ഭാഗങ്ങളിലും നാടൻ കുരങ്ങുകളുടെ ശല്യം വർദ്ധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാൽ അവയെ നിയമാനുസൃതം നിയന്ത്രിക്കുന്നതിന് വേണ്ട മാർഗ്ഗങ്ങൾ കണ്ടെത്തി പ്രപ്പോസൽ തയ്യാറാക്കുന്നതാണ്. ഇതിന്റെ ചുമതല ഫോറസ്റ്റ് വെറ്റിനറി ഓഫീസറായ ഡോ.അരുൺ സക്കറിയയ്ക്കാണ്.

Mission Wild Pig
കാട്ടുപന്നിയുടെ ശല്യം വ്യാപകമായ പഞ്ചായത്തുകളിൽ അവയെ നിയന്ത്രിക്കുന്നതിന് വനം വകുപ്പ് പഞ്ചായത്തുകൾക്ക് എല്ലാ സഹായവും നൽകും. പഞ്ചായത്തുകൾ എംപാനൽ ചെയ്ത ഷൂട്ടേഴ്‌സിന് വകുപ്പിന്റെ സാങ്കേതിക സഹായം ലഭ്യമാകും. ഫോറസ്റ്റ് കൺസർവേറ്റർ ശ്യാം മോഹൻലാൽ ഐ.എഫ്.എസ് ഇതിന്റെ ചുമതല നിർവ്വഹിക്കും.

Mission SARPA
SARPA മിഷന്റെ ഭാഗമായി സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണനിരക്ക് പൂർണ്ണമായി ഇല്ലാതാക്കവാൻ വകുപ്പ് സജ്ജമാണ്. ആന്റിവെനം (Antivenom) ഉല്പാദനവും വിതരണവും ശക്തമാക്കുവാനും ജനങ്ങളിൽ ബോധവത്ക്കരണം ശക്തമാക്കുവാനും തീരുമാനിച്ചു. അസി. ഫോറസ്റ്റ് കൺസർവേറ്റർ മുഹമ്മദ് അൻവറിനാണ് ഇതിന്റെ ചുമതല.

Mission knowledge
മനുഷ്യ-വന്യമൃഗ സംഘർഷം തടയുന്നതിന്റെ ഭാഗമായി ‘Mission knowledge’ എന്ന പദ്ധതിക്ക് വകുപ്പ് രൂപം നൽകുന്നു. കെ.എഫ്.ആർ.ഐ., ടി.ബി.ജി.ആർ.ഐ. വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സാക്കോൺ തുടങ്ങി വിവിധ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഗവേഷണം, പഠനം എന്നിവ നടത്തും. കാലാവസ്ഥാവ്യതിയാനം മൂലമുള്ള വന്യമൃഗങ്ങളുടെ സ്വഭാവത്തിലുള്ള മാറ്റങ്ങൾ സംഘർഷത്തിന് കാരണമാകുന്ന മറ്റ് വിവിധ കാരണങ്ങൾ എന്നിവ സംബന്ധിച്ച് പഠനം നടത്തുന്നതിന് മുൻകൈ എടുക്കും. ഫോറസ്റ്റ് കൺസർവേറ്റർ ഉമ ടി ഐ.എഫ്.എസ്. ചുമതല വഹിക്കും.

Mission Solar Fencing
മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജനവാസമേഖല കളിലേക്ക് വന്യമൃഗങ്ങൾ പ്രവേശിക്കുന്നത് പ്രതിരോധിക്കുന്ന തിനായി സ്ഥാപിച്ചിട്ടുള്ള സൗരോർജ്ജ വേലികൾ പരമാവധി പ്രവർത്തനമാക്കുവാൻ 2024 നവംബർ- ഡിസംബർ മാസങ്ങളിൽ തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചു. പൊതുജന പങ്കാളിത്ത ത്തോടെയുള്ള ‘മിഷൻ ഫെൻസിംഗ് 2024’ എന്ന കർമ്മ പരിപാടി മിക്ക ഡിവിഷനിലും കാര്യക്ഷമമായി പൂർത്തീകരിക്കുവാൻ കഴിഞ്ഞു. ഈ പദ്ധതിയിലൂടെ ഇതുവരെ ഉപയോഗ്യശൂന്യമായ 848 കിലോ മീറ്റർ വേലി പ്രവർത്തനസജ്ജമാക്കി. ഈ മിഷൻ തുടർന്നുവരികയാണ്.

Mission Sensitization to Public

മനുഷ്യ-വന്യജീവി സംഘർഷം സംബന്ധിച്ച് പ്രാദേശിക പ്രത്യേകതകൾ ക്കനുസരിച്ച് ഓരോ പ്രദേശങ്ങളിലും ജനങ്ങളിൽ അവബോധം വരുത്തുന്നതിനായി കാമ്പയിനുകൾ സംഘടിപ്പിക്കും. സോഷ്യൽ ഫോറസ്ട്രി വിഭാഗം, ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോ, വനം സോഷ്യൽ മീഡിയാ സെൽ എന്നീ വിഭാഗങ്ങൾ ഈ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

സംസ്ഥാന-ഡിവിഷൻതല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ ശാക്തീകരിക്കുന്ന തിനായി 372.796 ലക്ഷം രൂപ SDMA അനുവദിച്ചിട്ടുണ്ട്.

ആർ.ആർ.ടി.കൾക്ക് അത്യാധുനിക ആയുധങ്ങളും മറ്റ് സാങ്കേതിക ഉപകരണങ്ങളും വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു.

കാടിന്റെ ആരോഗ്യത്തെ കാർന്നു തിന്നുന്ന അധിനിവേശ സസ്യങ്ങളായ സെന്ന ഉൾപ്പെടെയുള്ളവയെ നിർമ്മാർജ്ജനം ചെയ്യുന്ന നടപടികൾ തീവ്രമായി വയനാട് ജില്ലയിൽ നടന്നുകൊണ്ടിരിക്കുകയാണ്. പൊതുമേഖലസ്ഥാപനമായ കേരള പേപ്പർ പ്രൊഡക്റ്റ്‌സ് ലിമിറ്റഡിന് (KPPL) ന്റെ സഹായത്തോടെയാണ് ഈ നടപടികൾ നടന്നുകൊണ്ടിരിക്കുന്നത്. 61678 സെന്ന മരങ്ങൾ മുറിച്ചുമാറ്റി 2667.91 മെട്രിക് ടൺ നീക്കം ചെയ്തു.

ആവാസവ്യവസ്ഥാ പരിപോഷണ പ്രവർത്തനങ്ങളുടേ ഭാഗമായി വയനാട് ജില്ലയിലെ വിവിധ ഡിവിഷനുകളിലും പറമ്പിക്കുളം ടൈഗർ റിസർവ്വിലുള്ള വയലുകളുടെ പരിപാലനത്തിനും പുന:സ്ഥാപനത്തിനുമായി നബാർഡ് അനുവദിച്ച 25 കോടി രൂപയുടെ പ്രവർത്തികൾ നടന്നുവരുന്നു.