മോഹൻലാൽ-സത്യൻ അന്തിക്കാട് സിനിമ ഹൃദയപൂര്‍വ്വം; ചിത്രീകരണം ആരംഭിച്ചു

0
6

മോഹൻലാൽ-സത്യൻ അന്തിക്കാട് ടീം വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്ന ഹൃദയപൂർവ്വം എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മോഹൻലാൽ തന്നെയാണ് സിനിമയുടെ പൂജ ചടങ്ങിന്റെ ചിത്രങ്ങൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘തുടങ്ങുകയാണ്! ഹൃദയപൂർവ്വം ഇന്ന് ആദ്യ ചുവടുവയ്പ്പ് നടത്തുന്നു,’ എന്നും ചിത്രത്തോടൊപ്പം മോഹൻലാൽ കുറിച്ചു. കഴിഞ്ഞ ദിവസം ഹൃദയപൂർവ്വത്തിനായി മോഹൻലാൽ ഗെറ്റപ്പ് ചേഞ്ച് നടത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഏറെ നാളുകളായി താടി വളർത്തിയ ഗെറ്റപ്പിലായിരുന്നു മോഹൻലാൽ സിനിമകളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ പുതിയ ചിത്രത്തിനായി താടി ട്രിം ചെയ്താണ് നടൻ പ്രത്യക്ഷപ്പെട്ടത്.

2015 ൽ പുറത്തെത്തിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തിരക്കേറിയ താരമായ മാളവിക മോഹനനാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നുണ്ട്. എമ്പുരാന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം.