ലോകമാതൃകയിൽ ചെറിയ ചെലവില്‍ താമസമൊരുക്കാന്‍ ‘കെ ഹോം’ പദ്ധതി

0
15

വിനോദസഞ്ചാരമേഖലയ്ക്ക് വലിയ കൈത്താങ്ങാവുന്ന നിരവധി നിർദേശങ്ങളാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ഉണ്ടായിരുന്നത്. അതിൽ തന്നെ പൂട്ടിക്കിടക്കുന്ന വീടുകള്‍ ‘കെ. ഹോമാ’ക്കി മാറ്റുമെന്ന പദ്ധതി ഏറെ പ്രത്യേകത നിറഞ്ഞതാണ്. ആളില്ലാതെ പൂട്ടിക്കിടക്കുന്ന വീടുകളെ കെ. ഹോമാക്കി മാറ്റാനാണ് സർക്കാർ ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. കെ-ഹോംസ് പദ്ധതിയുടെ പ്രാരംഭ  ചെലവുകൾക്കായി 5 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളിൽ നിന്ന് മാതൃകകളും നടത്തിപ്പ് രീതികളും സ്വീകരിച്ചുകൊണ്ട് മിതമായ നിരക്കിലാണ് കെ ഹോമിന്‍റെ ഭാ​ഗമായി വീടുകളിൽ താമസ സൗകര്യം ഒരുക്കുക. വീട്ടുടുമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞുകിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും സാധിക്കുന്നതാണ് പദ്ധതി. ഫോർട്ടുകൊച്ചി, കുമരകം, കോവളം, മൂന്നാർ തുടങ്ങിയ വിനോദ സഞ്ചാര മേഖലകളുടെ പത്ത് കിലോമീറ്റർ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. തുടർന്ന് ഫലം വിലയിരുത്തി സംസ്ഥാനത്തുടനീളം വ്യാപിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.