കലാപം പൊട്ടിപ്പുറപ്പെട്ട് രണ്ട് വർഷത്തിന് ശേഷം ബിരേൻ സിംഗിന്റെ രാജി; മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലേക്ക്?

0
24

മണിപ്പൂരിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവെച്ചതിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടുവർഷം ബാക്കിനിൽക്കെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് സാധ്യത. മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട് രണ്ട് വർഷത്തിന് ശേഷമാണ് എൻ ബിരേൻ സിംഗ് രാജിവെയ്ക്കുന്നത്. ഇന്നവെ രാവിലെ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ബിരേൻ സിംഗ് രാജി സന്നദ്ധത അറിയിക്കുന്നത്. വൈകുന്നേരത്തോടെ രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് നൽകുകയും ഗവർണർ അജയ് കുമാർ ഭല്ല രാജി അംഗീകുകയും ചെയ്യുകയായിരുന്നു.

2023 മെയ് മാസത്തിൽ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തെ ഉദ്ധരിച്ച്, ഏകദേശം 12 എംഎൽഎമാർ നേതൃമാറ്റത്തിനായി സമ്മർദ്ദം ആരംഭിച്ചിരുന്നു. കൂടാതെ സ്പീക്കറും മുഖ്യമന്ത്രിയും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായും സൂചനയുണ്ട്. ചില വിമത എംഎൽഎമാരാണ് തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് അമിത് ഷായെ നേരില്‍ കണ്ടിരുന്നെന്നും നിയമസഭാ സമ്മേളനത്തിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് കോൺഗ്രസ് ഭീഷണിപ്പെടുത്തിയതിനാൽ, വിമതർ വോട്ടെടുപ്പിൽ നിന്ന് മാറി നിൽക്കാനുള്ള സാധ്യതയുണ്ടെന്നും മുന്നിൽ കണ്ടുകൊണ്ടാണ് രാജി.

മഹാരാഷ്ട്ര, ഹരിയാന, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായ വിജയങ്ങൾ നേടിയ ബിജെപിയുടെ പ്രതിച്ഛായ തകർക്കാൻ ഇത് കാരണമാകുമെന്ന് വിലയിരുത്തല്‍ ഉണ്ടായിരുന്നു. അത് പ്രതിരോധിക്കാനാണ് അപ്രതീക്ഷിത രാജിയെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി രാജിവച്ച പശ്ചാത്തലത്തിൽ ഇന്നു വിളിച്ചുചേർക്കാൻ ഇരുന്ന നിയമസഭാ സമ്മേളന ഉത്തരവും ഗവർണർ റദ്ദാക്കുകയായിരുന്നു.

മണിപ്പൂർ കലാപത്തിനിടെ നിരവധി തവണ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും ബിജെപി  ഇത് അംഗീകരിച്ചിരുന്നില്ല. ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരം മണിപ്പൂരിൽ തുടരുന്ന സംബിത് പാത്ര എംപി ഇന്ന് ബിജെപി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ആണ് സാധ്യത. മുഖ്യമന്ത്രി രാജിവച്ചതിന് പിന്നാലെ ഇംഫാലിൽ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു.