വടകരയില്‍ കാറിടിച്ച് ഒമ്പത് വയസുകാരി കോമയില്‍ ആയ സംഭവത്തില്‍ പ്രതി പിടിയില്‍. പുറമേരി സ്വദേശി ഷെജീലിനെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. അപകടത്തിന് പിന്നാലെ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. 2024 ഫെബ്രുവരി 17 നാണ് അപകടം നടന്നത്. പെണ്‍കുട്ടിക്കൊപ്പം അപകടത്തില്‍ പരിക്കേറ്റ മുത്തശ്ശി ബേബി മരിച്ചിരുന്നു.മാര്‍ച്ച് 14 നായിരുന്നു പ്രതി വിദേശത്തേക്ക് കടന്നത്. ബന്ധുവീട്ടിലേക്ക് പോകുന്നതിനായി ബസ്സിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ വടകരയ്ക്ക് സമീപം ചോറോട് വെച്ച് കുട്ടിയേയും അമ്മൂമ്മയേയും കാര്‍ ഇടിച്ചത്. അപകടത്തിന് ശേഷം ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. ഷെജീലിന്‍റെ കുടുംബവും അപകടം നടക്കുമ്പോള്‍ കാറില്‍ ഉണ്ടായിരുന്നു. പിന്‍സീറ്റില്‍ ആയിരുന്നു കുട്ടികള്‍. അവര്‍ മുന്‍പിലേക്ക് ഇരിക്കണമെന്ന് വാശി പിടിച്ചു. ആ സംഭാഷണത്തിലേക്ക് ശ്രദ്ധ പോയ സമയത്താണ് അപകടം ഉണ്ടായതെന്നാണ് അന്ന് പൊലീസ് വിശദീകരിച്ചത്. അപകടം നടന്ന് പത്ത് മാസത്തിന് ശേഷമാണ് കാര്‍ കണ്ടെത്തുന്നത്. മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പുറമെ വ്യാജതെളിവ് ഉണ്ടാക്കി ഇന്‍ഷൂറന്‍സ് തുക തട്ടിയെന്ന കേസും ഷെജീലിനെതിരെയുണ്ട്.