പത്തനംതിട്ടയിൽ യുവാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോ എന്നിവരാണ് എറണാകുളത്ത് നിന്ന് അറസ്റ്റിലായത്. സംഭവ ശേഷം വെച്ചൂച്ചിറ റൂട്ടിൽ വാഹനം ഉപേക്ഷിച്ച് മൂവരും എറണാകുളത്തേക്ക് രക്ഷപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ റാന്നി മന്ദമരുതി ആശുപത്രി പടിക്ക് സമീപത്ത് വച്ചായിരുന്നു മാമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന അമ്പാടി സുരേഷ് എന്ന യുവാവ് കാർ ഇടിച്ചു മരിക്കുന്നത്. ഇടിച്ച വാഹനം നിർത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ അമ്പാടി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അപകടമരണം എന്ന രീതിയിലാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പിന്നീട് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണ് എന്ന് വ്യക്തമായത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഗ്യാങ് വാറാണ് റാന്നിയിൽ നടന്നതെന്നാണ് പൊലീസ് പറയുന്നത്.