കണ്ണീരുണങ്ങാതെ കല്ലടിക്കോട്: വിദ്യാർഥികളെ ഖബറടക്കി

0
55

കരിമ്പ പനയമ്പാടത്ത് സിമന്റ് കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട്‌ ദേഹത്തേക്ക് മറിഞ്ഞ്‌ മരിച്ച കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളുടെ മൃതദേഹം ഖബറടക്കി. തുപ്പനാട് ജുമാ മസ്ജിദിലാണ് നാല് പേരെയും ഖബറടക്കിയത്.പൊതു ദർശനത്തിനു വച്ച ഹാളിൽ നിന്നും കാൽനടയായാണ് മൃതദേഹങ്ങൾ മസ്ജിദിലെത്തിച്ചത്. അടുത്തടുത്തായുള്ള നാല് ഖബറുകളിലാണ് കുട്ടികളെ അടക്കിയതും. രാവിലെ ആറോടെ വീടുകളിൽ എത്തിച്ച കുട്ടികളുടെ മൃതദേഹങ്ങൾ കരിമ്പനയ്ക്കൽ ഹാളിലേക്ക് പൊതുദർശനത്തിനായി എത്തിച്ചിരുന്നു. നാടൊന്നാകെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ കാണാനായി ഹാളിലേക്ക് ഒഴുകിയെത്തിയിരുന്നു. കരിമ്പ ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനികളാണ് മരിച്ച നാല് പെൺകുട്ടികളും. വിദ്യാർത്ഥികൾ സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിലിടിച്ച് നിയന്ത്രണം വിട്ട ലോറി വിദ്യാർഥികൾക്ക് മുകളിലേക്ക് മറിയുകയായിരുന്നു.