സഭയിൽ പ്രതിപക്ഷത്തോട് പൊട്ടിത്തെറിച്ച് രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ജഗദീപ് ധൻകർ. തുടർന്നുണ്ടായ ഭരണ – പ്രതിപക്ഷ ബഹളത്തിൽ ഇന്നും സഭ സ്തംഭിച്ചു. അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർകുമാർ യാദവ് വിശ്വഹിന്ദു പരിഷത്ത് വേദിയിൽ വർഗീയ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ അടിയന്തര ചർച്ച വേണമെന്ന ആവശ്യം രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻഖർ നിരാകരിച്ചതാണ് വാക്ക് തർക്കത്തിലേക്ക് നയിച്ചത്.
‘ഇത് ഹിന്ദുസ്ഥാനാണ്, ഭൂരിപക്ഷത്തിന്‍റെ ഇഷ്ടമേ ഇവിടെ നടക്കു. അതാണ് നിയമം’ – എന്നതരത്തിലുള്ള വർഗീയ പരാമർശങ്ങളും മുസ്ലിം വിഭാഗത്തെ അവഹേളിക്കുന്ന വാക്കുകളുമാണ് ശേഖർകുമാർ യാദവ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ടാണ് അടിയന്തര ചർച്ച വേണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിയത്.
എന്നാൽ താൻ പിന്നോക്ക വിഭാഗക്കാരനായതിനാൽ അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന വാദം ഉയർത്താനാണ് രാജ്യസഭ അധ്യക്ഷൻ ജഗദീപ് ധൻകർ ശ്രമിച്ചത്. കർഷക പുത്രനാണ് തളരില്ല എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് അതേ നാണയത്തിൽ പ്രതിപക്ഷം തിരിച്ചടിച്ചു. തൊഴിലാളിയുടെ മകനാണ് താനെന്നും രാജ്യസഭയുടെ അന്തരീക്ഷം തകർക്കുന്നത് ചെയർമാൻ തന്നെയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെ പറഞ്ഞു.
ബഹളം കനത്തതോടെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ ചെയർമാൻ ഇതിനപ്പുറം കണ്ടതാണെന്ന പരാമർശത്തോടെ എം പിമാർക്ക് നേരെ തട്ടിക്കയറി. എതിർപ്പുയർത്തി എഴുന്നേറ്റ ഗാർഗെ, പ്രതിപക്ഷ ശബ്ദം അടിച്ചമർത്താനാണ് അധ്യക്ഷൻ നിരന്തരം ശ്രമിക്കുന്നതെന്ന് ആരോപിച്ചു. ബഹളം തുടർന്നതോടെ ധൻകറിന് സഭയുടെ നിയന്ത്രണം നഷ്ടമായി. തുടർന്ന് തിങ്കളാഴ്ചത്തേക്ക് സഭ പിരിഞ്ഞു.
ഉന്നതസ്ഥാനങ്ങൾ വഹിക്കുന്നവർക്കെതിരായി അടിയന്തര ചർച്ച അനുവദിക്കാനാകില്ലെന്നും ചട്ടപ്രകാരമുള്ള ചർച്ചയാണ് വേണ്ടതെന്നുമുള്ള ന്യായം പറഞ്ഞാണ് ജസ്റ്റിസ് യാദവിനെ സംരക്ഷിക്കുന്ന നിലപാട് രാജ്യസഭാധ്യക്ഷൻ കഴിഞ്ഞ ദിവസം സഭയിൽ സ്വീകരിച്ചത്. ജസ്റ്റിസ് യാദവിനെതിരായി കോൺഗ്രസ് എം പി രേണുക ചൗധരി നൽകിയ നോട്ടീസ് അടക്കം വിവിധ വിഷയങ്ങളിൽ പ്രതിപക്ഷാംഗങ്ങൾ നൽകിയ ആറ് നോട്ടീസുകൾ ധൻഖർ നിരാകരിച്ചു. ഇതിനുപിന്നാലെ, സഭാനേതാവ് ജെ പി നദ്ദയെ സംസാരിക്കാനായി ഏകപക്ഷീയമായി ക്ഷണിക്കുകയും ചെയ്തു. പിന്നീട് ബിജെപി അംഗങ്ങൾ ബഹളമുണ്ടാക്കി നടപടി തടസ്സപ്പെടുത്തുകയായിരുന്നു.