പിണറായി വിജയൻ ഇന്ത്യയിലെ ഭരണപാടവമുള്ള മുഖ്യമന്ത്രി: എം കെ സ്റ്റാലിൻ

0
55

പിണറായി വിജയൻ ഇന്ത്യയിലെ ഭരണപാടവമുള്ള മുഖ്യമന്ത്രിയെന്ന് തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വൈക്കം ബീച്ചിൽ നടന്ന നവീകരിച്ച തന്തൈ പെരിയാർ സ്മാരകം, പെരിയാർ ഗ്രന്ഥശാല എന്നിവ ഉദ്ഘാടനം ചെയ്ത്‌ കൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈക്കം സത്യാഗ്രഹം കേരളത്തിന്റെ മാത്രം പോരാട്ടമല്ല, ഇന്ത്യയിലെ സാമൂഹിക അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് പെരിയാറിന്റെ വിജയമാണെന്നും മുഖ്യമന്ത്രി എന്ന നിലയിൽ അഭിമാന നിമിഷമാണെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ എം കെ സ്റ്റാലിൻ പറഞ്ഞു.

വൈക്കത്തെ നവീകരിച്ച തന്തൈപെരിയാർ സ്‌മാരകവും പെരിയാർ ഗ്രന്ഥശാലയും തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ്‌ ഉദ്ഘാടനം ചെയ്തത്‌. ചടങ്ങിൽ വൈക്കം പുരസ്കാരം ജേതാവ് കന്നട എഴുത്തുകാരൻ ദേവനൂര മഹാദേവനെ എം കെ സ്റ്റാലിൻ ആദരിച്ചു. ദ്രാവിഡ കഴക അധ്യക്ഷൻ കെ വീരമണി വിശിഷ്ടാഥിതിയായി.

സഹകരണ-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ, ഫിഷറീസ്-സാംസ്‌കാരികം-യുവജനക്ഷേമവകുപ്പുമന്ത്രി സജി ചെറിയാൻ, തമിഴ്‌നാട് ജലസേചനവകുപ്പ് മന്ത്രി ദുരൈ മുരുകൻ, തമിഴ്‌നാട് പൊതുമരാമത്തുവകുപ്പുമന്ത്രി എ വി വേലു, തമിഴ്‌നാട് ഇൻഫർമേഷൻ വകുപ്പുമന്ത്രി എം പി സ്വാമിനാഥൻ, അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി, സി കെ ആശ എംഎൽഎ, സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, തമിഴ്‌നാട് സർക്കാർ ചീഫ് സെക്രട്ടറി എൻ മുരുകാനന്ദം, ജില്ലാ കളക്ടർ ജോൺ വി സാമുവൽ, വൈക്കം നഗരസഭാധ്യക്ഷ പ്രീതാ രാജേഷ്, നഗരസഭാംഗം രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.